ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അല്‍കസര്‍ ജൂണ്‍ 18ന് ഇന്ത്യയില്‍ പുറത്തിറക്കും

ഹ്യുണ്ടായിയുടെ പുതിയ എസ്‌യുവിയായ അല്‍കസര്‍ ജൂണ്‍ 18ന് ഇന്ത്യയില്‍ പുറത്തിറക്കും. പ്രോഡക്‌ട് ലൈനപ്പില്‍ നിലവില്‍ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവി മോഡലായ ക്രെറ്റയുടെ മുകളിലുള്ള മോഡലാണ് അല്‍കസര്‍. 6, 7 എന്നിങ്ങനെ രണ്ട് തരം സീറ്ററുകളുമായി എത്തുന്ന അല്‍കസറിന്റെ ബുക്കിംഗ് ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈനായും ആരംഭിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് അല്‍കസര്‍ എസ്‌യുവിയുടെ ഇന്ത്യയിലെ ലോഞ്ചിംഗ് കമ്ബനി വൈകിപ്പിച്ചത്. മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് തങ്ങളുടെ പുതിയ കാര്‍ പുറത്തിറക്കാന്‍ ഹ്യൂണ്ടായി തീരുമാനിച്ചത്. ആറു സീറ്റ്, ഏഴ് സീറ്റ് ക്യാബിനുകള്‍ ഉള്ള രണ്ടു തരം വേരിയന്റുമായാണ് അല്‍കസറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. കൂടാതെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിങ്ങനെ രണ്ടുതരം എഞ്ചിന്‍ വേരിയന്റുകളും ഉണ്ടാവും. ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ ജനപ്രിയ മോഡലുകളായ മഹീന്ദ്ര എക്സ്യുവി 500, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയായാകും ഹ്യൂണ്ടായ് അല്‍കസര്‍ ഉയര്‍ത്തുന്നത്.

അടിസ്ഥാനപരമായി ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍കസറും നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു എസ്‌യുവികളുടെയും നിര്‍മ്മാണത്തിന് ഒരേ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, അല്‍കസറിന് 2,760 എംഎം അളവിലുള്ള വലിയ വീല്‍ബേസ് ആണ് ഹ്യുണ്ടായ് നല്‍കിയിരിക്കുന്നത്.

ക്രെറ്റയില്‍ നിന്നും പുതുമ കൊണ്ടുവരാനായി ഹ്യുണ്ടായി സ്റ്റൈലില്‍ ചെറിയ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മോഡിഫൈഡ് ഗ്രില്‍, പുതിയ ലുക്കിലുള്ള ഫ്രണ്ട് ബമ്ബര്‍, നീളത്തിലുള്ള റിയര്‍ ക്വാര്‍ട്ടര്‍ ​ഗ്ലാസ്, പുതുമയുള്ള ഡിസൈനിലെ ടെയില്‍ ലൈറ്റ്, ഫോക്സ് എക്സോസ്റ്റ് ടിപ്സ്, വലിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് അല്‍കസറില്‍ വരുത്തിയ മാറ്റങ്ങള്‍.

അല്‍കസറിന്റെ 2.0 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് നാല് സിലിണ്ടറോട് എന്‍ജിനാണുള്ളത്. 159 എച്ച്‌പി കരുത്തും 192 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും ഇത് നല്‍കും. 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റില്‍ ക്രെറ്റയ്ക്ക് സമാനമായ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ് മോട്ടോര്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത് 115 എച്ച്‌പി കരുത്തും 250 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പുറത്തെടുക്കും. രണ്ട് വേരിയന്റുകള്‍ക്കും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എന്നിവ ഉണ്ടാവും.

ക്രെറ്റയില്‍ ഉണ്ടായിരുന്ന എല്ലാ ഫീച്ചറുകളും അല്‍കസറിനും നല്‍കാന്‍ ഹ്യൂണ്ടായ് ശ്രദ്ധിച്ചിട്ടുണ്ട്. പനോരമിക് സണ്‍ റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലസ് ഫോണ്‍ ചാര്‍ജ്ജിംഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ക്രെറ്റയിലെ എല്ലാ ഫീച്ചറുകളും പുതിയ കാറിനും നല്‍കിയിട്ടുണ്ട്. അല്‍കസറിന്റെ ഇന്റീരിയറില്‍ ഡ്യൂവല്‍ ടോണ്‍ കളര്‍ തീം ആണ് ഉപയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News