യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ഇറ്റലി തുർക്കിയെ നേരിടും

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ഇറ്റലി തുർക്കിയെ നേരിടും. രാത്രി 12:30 ന് റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലാണ് മത്സരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്.

2006 ലെ ലോകജേതാക്കളായ ഇറ്റലി ടീം അപമാനത്തിന്റെ പടുകുഴിയിൽ നിന്നാണ് തിരിച്ചു വരവിനൊരുങ്ങുന്നത്.
2018ലെ ലോകകപ്പിന് യോഗ്യത പോലും നേടാനാകാതെ പോയ ആ ഇറ്റലിയല്ല ഇക്കുറി യൂറോ കപ്പിനിറങ്ങുന്നത്. റോബർട്ടോ മാൻസീനിയെന്ന പരിശീലകന് കീഴിൽ ഇറ്റലി ടീം അടിമുടി മാറിക്കഴിഞ്ഞു.

യോഗ്യതാ മത്സരങ്ങളിൽ പത്തിൽ പത്തും ജയിച്ചാണ് നീലപ്പടയുടെ വരവ്.സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ അസൂറിപ്പടയുടെ ലക്ഷ്യം വിജയം ഒന്നു മാത്രമാണ്. സിറോ ഇമ്മോബീൽ, ഫെഡറിക്കോ കിയേസ, ലോറൻസോ ഇൻസിനേ എന്നിവരാണ് മുന്നേറ്റത്തിൽ ടീമിന്റെ കരുത്ത്. ബൊനൂച്ചി ,നായകൻ കില്ലീനി എന്നിവർക്കൊപ്പം ഫ്ളോറൻസിയും എമേഴ്സണും കൂടി കോട്ട കെട്ടുമ്പോൾ പ്രതിരോധം സുശക്തമാണ്. മധ്യനിരയിൽ ജോർജിന്യോവും മാർക്കോ വെറാറ്റിയും ഫോമിലാണ്.

ജിയാൻലൂയിജി ബുഫണിന്റെ പിൻഗാമിയായി ഡോണരുമ്മ ഗോൾ വല കാക്കുമ്പോൾ അസൂറിപ്പടയ്ക്ക് പേടിക്കാൻ ഒന്നുമില്ല.അതേസമയം സമീപകാലത്ത് പുറത്തെടുക്കുന്ന മികച്ച പ്രകടനങ്ങളിലാണ് തുർക്കി ടീമിന്റെ പ്രതീക്ഷ മുഴുവൻ.2002 ലോകകപ്പിൽ സെമി ഫൈനൽ വരെ നീണ്ട അദ്ഭുതക്കുതിപ്പ് നടത്തിയ ടീമിന് ഏത് വമ്പൻമാരേയും അട്ടിമറിക്കാൻ ശേഷിയുണ്ട്. ഗോളടി ശീലമാക്കിയ ബുറാക് യിൽമാസും ഹക്കൻ കൽഹനോഗ്ലുവുമാണ് തുർക്കി മുന്നേറ്റ നിരയുടെ ശക്തി.

മധ്യനിരയിൽ കളി മെനയുക നായകൻ എംറേ ബെലോസോഗ്ളുവാണ്.സെനോൾ ഗുനെസ് പരിശീലകനായ ടീമിൽ യൂറോപ്യൻ ക്ലബ്ബുകളിൽ പയറ്റിത്തെളിഞ്ഞ പ്രതിഭാസമ്പന്നരായ യുവ താരങ്ങളുടെ ഒരു നിര തന്നെ ഉണ്ട്. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലെ ഒത്തൊരുമയുള്ള പ്രകടനത്തിലാണ് ടീം വിശ്വാസമർപ്പിക്കുന്നത്.

കൊവിഡ് ഭീഷണി ഏറെക്കുറെ ഒഴിഞ്ഞ യൂറോപ്പിൽ അത്തരം ആശങ്കകൾ ഒന്നുമില്ല. പഴയ പോലെ തിങ്ങിനിറയില്ലെങ്കിലും ആരാധകരെമ്പാടും ആർപ്പ് വിളികളുമായി ഗ്യാലറിയിലുണ്ടാകും. ലോകമെമ്പാടുമുള്ള കാൽപന്ത് കളി പ്രേമികൾ ഇനി യൂറോപ്പിലെ പച്ചപ്പുൽ മൈതാനങ്ങളിലേക്ക് ഇടതടവില്ലാതെ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന നാളുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here