കൊടകര കുഴൽപ്പണക്കേസ്: ധർമ്മരാജൻ്റെ ഹർജിയിൽ കോടതി റിപ്പോർട്ട് തേടി

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ ധർമ്മരാജൻ്റെ ഹർജിയിൽ കോടതി അന്വേഷണ സംഘത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇരിഞ്ഞാലക്കുട മജിസ്ടേറ്റ്‌ കോടതിയാണ് അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടിയത്.ഈ മാസം 15നകം റിപ്പോർട് കോടതിയിൽ സമർപ്പിക്കണം.

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ 3 അരക്കോടി രൂപയാണ് മുഖ്യ സൂത്രധാരനായ ധർമ്മരാജന് നഷ്ടപ്പെട്ടത്. ഇതിൽ ഒന്നരക്കോടിയിലധികം തുക അന്വേഷണ സംഘം വീണ്ടെടുത്തു.കണ്ടെത്തിയ തുക ആവശ്യപ്പെട്ടാണ് ധർമ്മരാജൻ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

വാഹനങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡ്രൈവറായ ഷംജീറും കോടതിയിൽ ഹർജി നൽകി. ഇരുവരുടേയും ഹർജിയിൽ 15 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോടാവശ്യപ്പെട്ടു.പണം തൻ്റെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിൻ്റേതുമാണെന്നാണ് ധർമ്മരാജൻ ഹർജിയിൽ പറഞ്ഞിട്ടുള്ളത്.

എന്നാൽ കർണാടകത്തിലെ ബി.ജെ പി.കേന്ദ്രങ്ങളിൽ നിന്നാണ് പണം എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ ഘട്ടത്തിൽ പണം വിട്ടുനൽകരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. രണ്ട് ദിവസം മുൻപ് ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.തുടർന്ന് ഇന്നലെയാണ് വീണ്ടും ഹർജി സമർപ്പിച്ചത്.

അതേസമയം 4 ലക്ഷം രൂപ കൂടി അന്വേഷണ സംഘം വീണ്ടെടുത്തു. പ്രതികളായ ബഷീർ, രഞ്ജിത്ത് എന്നിവരിൽ നിന്നാണ് പണം കണ്ടെത്തിയത്. കവർച്ചയ്ക്കുശേഷം ഇരുവരും പണം ഉപയോഗിച്ച് കടം തീർക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here