കടല്‍ത്തട്ടിലെ കാ‍ഴ്ചകള്‍ കാണാന്‍ പറക്കാം ദുബായിലേയ്ക്ക്

അത്ഭുത നഗരം അല്ലെങ്കിൽ മായാ നഗരം അങ്ങനെ പല വിശേഷണങ്ങളുമുണ്ട് ദുബായ്ക്ക്. ഓർമകളിൽ എന്നും സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ ഒരു അവധിക്കാലം സ്വപ്നം കണ്ടുക്കൊണ്ടാണ് നിരവധി സഞ്ചാരികൾ ഈ സ്വപ്ന ലോകത്തേക്ക് യാത്ര തിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ദുബായ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. മണലാരണ്യങ്ങളിലെ സഫാരിയും ബുർജ് ഖലീഫയുടെ മുകളിൽ നിന്നുള്ള നഗര കാഴ്ചയുമെല്ലാം ഇതിൽപെടും. എന്നാൽ ഈ കാഴ്ചകൾക്കപ്പുറം ദുബായ് യാത്രാ പ്രേമികൾക്കായി കരുതി വെച്ചിരിക്കുന്നത് അതിശയം നിറഞ്ഞ മറ്റൊരു ആകർഷണമാണ്. സമുദ്ര അടിത്തട്ടിലെ കാഴ്ചകൾ, ദുബായ് മാളിലെ അക്വേറിയം അണ്ടർ വാട്ടർ സൂ.

മൂന്ന് പ്രധാന വിഭാഗങ്ങളായിട്ടാണ് ദുബായ് അക്വേറിയം തിരിച്ചിരിക്കുന്നത്.

അക്വേറിയം ടാങ്ക്

ആയിരക്കണക്കിന് രസകരമായ ജലജീവികളെ ലോകത്തിലെ ഏറ്റവും വലിയ സസ്പെൻഷൻ അക്വേറിയം ടാങ്കുകളിലൊന്നായ ദുബായ് അക്വേറിയം ടാങ്കിൽ കാണാം. സ്രാവുകളടക്കമുള്ള നിരവധി സമുദ്ര ജീവികൾ വസിക്കുന്ന ഈ കൗതുകകരമായ ലോകം കുട്ടികളെ അടക്കം മുതിർന്നവരെയും ഏറെ ആകർഷിക്കുന്ന കാഴ്ചയാണ്.

ലോകത്തിലെ ഏറ്റവും വലിയ സാൻഡ് ടൈഗർ സ്രാവുകളുടെ ശേഖരം ഈ ടാങ്കിലുണ്ട്. അക്വേറിയത്തിനകത്തേക്ക് കടക്കാൻ താത്പര്യമില്ലാത്തവർക്കായി പുറംകാഴ്ചകൾക്കും അവസരമുണ്ട്. ഷോപ്പിങ്ങിനായി മാളിലേക്ക് വരുന്നവർക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം.

അക്വേറിയം ടണൽ

അണ്ടർ വാട്ടർ മൃഗശാലയിലേക്ക് പോകുന്ന ഈ ടണൽ ഒരു സ്വപ്ന ലോകമാണ്. കാഴ്ചക്കാര്‍ക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ മത്സ്യങ്ങളുടെ വലിയ ലോകം കാണാം. തലയ്ക്കുമുകളിലൂടെ കടലിലെ മല്‍സ്യങ്ങളും മറ്റു ജീവികളും നീന്തി തുടിക്കുന്നത് കൺനിറയെ ആസ്വദിക്കാം. 48 മീറ്റർ നീളമുള്ള ഈ വാക്ക്-ത്രൂ ടണലാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്ന്.

അണ്ടർവാട്ടർ മൃഗശാല

അക്വേറിയം ടാങ്കിന് മുകളിലുള്ള ലെവൽ രണ്ടിൽ സ്ഥിതിചെയ്യുന്ന അണ്ടർവാട്ടർ മൃഗശാലയാണ് മറ്റൊരു ആകർഷണം. 40 വ്യത്യസ്ത ഡിസ്പ്ലേ ടാങ്കുകളിലൂടെ ജലജീവികളുടെ അതിശയകരമായ കാഴ്ചവിരുന്നൊരുക്കുന്നു. ഭീമന്‍ ഗ്ലാസ് ഭിത്തിയിലൂടെ സമുദ്ര ലോകവും മുപ്പതിനായിരത്തിലധികം വരുന്ന സമുദ്ര ജീവികളുടെ ആവാസവ്യവസ്ഥയും കാണാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശകരമായ കാഴ്ചയാണ് അണ്ടർവാട്ടർ മൃഗശാല. ടാങ്കിന് മുന്നിലുള്ള ഗിന്നസ് റെക്കോർഡ് നേടിയ അക്രിലിക് പാനലിലൂ‍ടെ ദുബായ് മാളിന്റെ മൂന്ന് തലങ്ങളിൽ നിന്ന് നോക്കിയാലും സമുദ്ര അടിത്തട്ടിലെ ഈ കാഴ്ച പൊതുജനങ്ങൾക്ക് കാണാനാകും.

സഞ്ചാരികളെ കാത്ത്

ഈ അണ്ടർവാട്ടർ മൃഗശാലയിൽ, ഗ്ലാസ്-ബോട്ടിൽ കയറി സവാരിയും നടത്താം. മത്സ്യങ്ങൾ നീന്തി തുടിക്കുന്ന കാഴ്ച അനുഭവിച്ചറിയാം. ഇനി ടാങ്കിൽ മുങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേജ് സ്‌നോർക്കെലിങ്ങും തെരഞ്ഞെടുക്കാം.

സാഹസികസഞ്ചാരികൾക്കായി, ഷാർക്ക് ഡൈവും ഒരുക്കിയിട്ടുണ്ട്. ഈ ഡൈവിൽ സ്രാവടക്കമുള്ള വലിയ മത്സ്യങ്ങളെ കാണാനും മറ്റു ജലജീവികൾക്കൊപ്പം നീന്താനും അവസരം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News