മകള്‍ തൊട്ടടുത്ത് ജീവിച്ചിരിപ്പുണ്ടെന്ന് കേട്ടറിഞ്ഞത് അമ്പരപ്പോടെ; പത്തുവര്‍ഷത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ സജിതയെ കാണാന്‍ മാതാപിതാക്കളെത്തി

നെന്മാറയില്‍ 10 വര്‍ഷം ഭര്‍ത്താവിനൊപ്പം ഒളിവ് ജീവിതം നയിച്ച സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. റഹ്മാനും സജിതയും വാടകയ്ക്ക് താമസിക്കുന്ന വിത്തനശ്ശേരിയിലെ വീട്ടിലാണ് അച്ചന്‍ വേലായുധനും അമ്മ ശാന്തയുമെത്തിയത്. കാണാതായ മകളെ തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് കാണാതായ മകളാണ് മുന്നില്‍. വികാരനിര്‍ഭരമായ കൂടിക്കാഴ്ച. മരിച്ചു പോയെന്ന് കരുതിയ മകളെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു വേലായുധനും ശാന്തയും. മകള്‍ തൊട്ടടുത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെന്ന് കേട്ടറിഞ്ഞത് അമ്പരപ്പോടെയാണ്. വീട്ടിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളുള്‍പ്പെടെ വാങ്ങിച്ചാണ് വിത്തനശ്ശേരിയിലെ വാടക വീട്ടിലേക്ക് മാതാപിതാക്കള്‍ എത്തിയത്.

വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനെയും അമ്മയെയും കണ്ടുമുട്ടാനായതിന്റെ സന്തോഷം സജിതയ്ക്കും. സജിതയെ മതം മാറ്റിയെന്ന പ്രചാരണം തെറ്റാ ണെന്ന് റഹ്മാന്‍ പറഞ്ഞു.

നെന്മാറ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ കൊണ്ടു വന്ന കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് സജിതയുടെ മാതാപിതാക്കള്‍ മടങ്ങിയത്. അതേസമയം 10 വര്‍ഷം വീട്ടിലെ മുറിയില്‍ സജിതയെ ഒളിവില്‍ പാര്‍പ്പിച്ചെന്ന അവകാശവാദം ഇപ്പോഴും നിഷേധിക്കുകയാണ് റഹ്മാന്റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel