ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇടത് എംപിമാർ അവകാശലംഘന നോട്ടീസ് നൽകി

ഇടത് എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നൽകി. എളമരം കരീം, ബിനോയ്‌ വിശ്വം, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നീ ഇടത് രാജ്യസഭാoഗങ്ങൾ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ. എം. ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോകസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥനയെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്.

ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഈ തീരുമാനം. ഇതിനായുള്ള അനുമതിക്കായി ബന്ധപ്പെട്ടവർക്ക് കത്തും നൽകിയിരുന്നു. എന്നാൽ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കണം എന്ന നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരവും പാർലമെന്റ് അംഗങ്ങൾക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്.

ഇതിനെതുടർന്ന്, എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കണം എന്ന് എംപിമാർ സംയുക്തമായി ആവശ്യപ്പെടുകയും വീണ്ടും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ കത്തിന് മറുപടി തരാൻ പോലും ദ്വീപ് ഭരണകൂടം തയ്യാറായില്ല. ഇത് പാർലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണ്. രാജ്യത്തെ ഏത് സർക്കാർ വകുപ്പും എംപിമാരുടെ കത്തുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണം എന്നതാണ് നിലനിൽക്കുന്ന കീഴ്‌വഴക്കം. ഇതിന് കടകവിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർ അവഹേളിച്ചിരിക്കുന്നത് പാർലമെന്റിനെയാകെയാണ്.

ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നതിനെ ലക്ഷദ്വീപ് ഭരണാധികാരികൾ ഭയക്കുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ നടപ്പിലാക്കിയ ജനാധിപത്യവിരുദ്ധ പരിഷ്കാരങ്ങളും നിയമനിർമ്മാണങ്ങളും ദ്വീപിനെയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ ലക്ഷ്യംവച്ചുള്ളവയാണ്.

എംപിമാരുടെ സന്ദർശനത്തിനെ എതിർക്കുന്നതും പ്രതിബന്ധങ്ങൾ തീർക്കുന്നതും ഇക്കാര്യങ്ങൾ പുറംലോകം അറിയരുത് എന്ന താല്പര്യം വച്ചാണ്. ഈ നടപടികളെല്ലാം ലക്ഷദ്വീപ് ഭരണകൂടം സ്വീകരിക്കുന്നത് പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററുടെ ആജ്ഞകൾമൂലമാണ് എന്നത് വ്യക്തമാണ്. ഇതിനെല്ലാം ഉത്തരവാദിയായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് പാർലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here