വംശശുദ്ധി നിലനിര്‍ത്താത്തവരെ പുറത്താക്കി ക്‌നാനായ സഭ; പുറത്താക്കരുതെന്ന് കോടതി

തങ്ങളുടെ സഭാംഗങ്ങളല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്ന ക്നാനായ സഭ നടപടിക്കെതിരെ വന്ന കോടതി വിധിയെ സ്വാഗതം ചെയ്ത് സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍. പുറത്താക്കല്‍ നടപടിയ്ക്കെതിരെയുള്ള കോട്ടയം അഡീഷണല്‍ സബ് കോടതിയുടെ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തെങ്കിലും കോടതിയുടെ ഇടപെടല്‍ വിപ്ലവകരമാണെന്ന് മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടവര്‍ പറയുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേരെ മറ്റു സഭകളില്‍ നിന്നും വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സഭ നേതൃത്വം പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് ക്നാനായ കത്തോലിക്ക് നവീകരണ സമിതി രൂപീകരിച്ചിരുന്നു. ഇതിലെ അംഗങ്ങളായ സിറിയക്, ബിജു തോമസ് എന്നിവരാണ് ക്നാനായ സഭയുടെ ഭ്രഷ്ട് കല്‍പ്പിക്കലിനെതിരെ 2015ല്‍ കോടതിയെ സമീപിച്ചത്. കോട്ടയം ചുങ്കം സ്വദേശിയായ സിറിയകിനെ 46 വര്‍ഷം മുന്‍പാണ് പുറത്താക്കിയത്. സീറോ മലബാര്‍ സഭയില്‍ നിന്നുമാണ് സിറിയക് വിവാഹം ചെയ്തത്.

2021 ഏപ്രില്‍ 30നാണ് ഹരജിക്കാര്‍ക്ക് അനുകൂലമായ കോടതി വിധി വരുന്നത്. ഏതെങ്കിലും കത്തോലിക്ക രൂപതയില്‍ പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്നാനായ സഭാംഗത്തെ സഭയില്‍ നിന്നും പുറത്താക്കരുതെന്ന് കോടതി വിധിച്ചു. അത്തരത്തില്‍ പുറത്താക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും കോട്ടയം അതിരൂപത മെത്രോപ്പൊലീത്ത, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്നിവരെ വിലക്കണമെന്നും കോടതി പറഞ്ഞു.

അഡീഷണല്‍ കോടതിയുടെ വിധിക്കെതിരെ ക്നാനായ സഭ അപ്പീല്‍ നല്‍കുകയും ജില്ലാ കോടതി ഈ വിധി സ്റ്റേ ചെയ്തു. അടുത്തയാഴ്ച വീണ്ടും വിവാദം കേള്‍ക്കും. വംശീയ സ്വത്വവും രക്തശുദ്ധിയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹനിഷ്ഠ കൊണ്ടുവന്നതെന്നാണ് ക്നാനായ സഭയുടെ വാദം. വംശശുദ്ധി നിലനിര്‍ത്തണമെന്നും അതുകൊണ്ടു തന്നെ മറ്റു വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിക്കരുതെന്നും ആഹ്വാനം ചെയ്യുന്ന ക്നാനായ സഭയിലെ യുവജന സംഘടന പുറത്തിറക്കിയ ഹ്രസ്വ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News