ആദിവാസി കോളനികളില്‍ തടസ്സമില്ലാത്ത ഓണ്‍ലൈന്‍ പഠനത്തിന് സമയബന്ധിത നെറ്റ് വർക്ക് ഉറപ്പാക്കും; മന്ത്രി കെ. രാജൻ

ആദിവാസി കോളനികളില്‍ തടസ്സമില്ലാത്ത ഓണ്‍ലൈന്‍ പഠനത്തിന് സമയബന്ധിത നെറ്റ് വർക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ലഭ്യത കുറഞ്ഞ ആദിവാസി കോളനികളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ സമയബന്ധിത നെറ്റ് വർക്ക് സൗകര്യം ഉറപ്പാക്കാൻ മന്ത്രി കെ. രാജൻ, ജില്ലാ കലക്ടർ എസ്. ഷാനവാസ് എന്നിവർ ടെലിക്കോം കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.

ജില്ലയില്‍ അതിരപ്പിള്ളി, മറ്റത്തൂര്‍, വാടാനപ്പള്ളി, വരന്തരപ്പിള്ളി പാണഞ്ചേരി, കോടശ്ശേരി, പഴയന്നൂര്‍, തെക്കുംകര എന്നിങ്ങനെ എട്ടു പഞ്ചായത്തുകളിലായി 24 കോളനികളിലാണ് ദുര്‍ബലമായ ഇന്‍റര്‍നെറ്റ് മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നതായി കണ്ടെത്തിയത്. ഇതില്‍ 10 കോളനികളില്‍ ഭാഗികമായാണ് ഇന്‍റര്‍നെറ്റ് ലഭ്യതക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ മേഖലകളിൽ ടവറുകള്‍, ബൂസ്റ്റര്‍ ടവറുകള്‍ എന്നിവ സ്ഥാപിക്കുവാനും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ വേഗമേറിയ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഉടന്‍ ആരംഭിക്കാന്‍ ധാരണയായി.

വനമേഖലകളില്‍ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ സാധ്യത കുറവുള്ള പ്രദേശങ്ങളില്‍ പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിങ്ങുകളില്‍ വൈഫൈ സ്പോട്ട് നല്‍കി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ട് പോകാനുള്ള നിര്‍ദ്ദേശങ്ങളും ടെലികോം അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ജില്ലയിലെ 8 പഞ്ചായത്തുകളിലെ 24 പട്ടികവര്‍ഗ കോളനികളിലും മറ്റുമായി 543 ഇടങ്ങളില്‍ ഇന്‍റര്‍നെറ്റ് സിഗ്നല്‍ കുറവാണ് എന്ന പരാതി ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ അക്ഷാംശം രേഖാംശം എന്നിവയുടെ വിശദാംശങ്ങള്‍ ടെലകോം അധികൃതര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്‍റര്‍നെറ്റ് ലഭ്യതയ്ക്കായി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹായം തേടും. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഡിഷ്ആന്‍റിന വെക്കുവാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

യോഗത്തില്‍ അസിസ്റ്റന്‍റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ ഇ ആര്‍ സന്തോഷ് കുമാര്‍, സമഗ്ര ശിക്ഷാ കേരള കോ ഓഡിനേറ്റര്‍ ലാവണ്യ, ഡി ഡി എഡ്യൂക്കേഷന്‍ പ്രതിനിധി രാഹുല്‍ ദാസ്, വിവിധ ടെലികോം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News