കുഴല്‍പ്പണ കേസില്‍ അന്വേഷണം മുറുകിയതോടെ ദില്ലിയില്‍ നിലയുറപ്പിച്ച് കെ സുരേന്ദ്രന്‍

കുഴല്‍പ്പണ കേസില്‍ അന്വേഷണം മുറുകിയതോടെ ദില്ലിയില്‍ തന്നെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി ദിവസങ്ങള്‍ മുന്നേ ദില്ലിയില്‍ എത്തിയ സുരേന്ദ്രന്‍ ആകെ ജെ പി നദ്ദയുമായി മാത്രമാണ് ഇതുവരെ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ഇന്ന് സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്തിയേക്കും. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന് കൃഷ്ണദാസ് പക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍ ദില്ലിയില്‍ തന്നെ തുടരുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് കെ സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായാണ് എത്തിയതെങ്കിലും ഇതുവരെ ജെപി നദ്ദയുമായി മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. കുഴല്‍പ്പണക്കേസില്‍ നേതൃത്വതിനുള്ള അതൃപ്തി മാറ്റി അനുനയിപ്പിക്കലാണ് സുരേന്ദ്രന്റെ ലക്ഷ്യം. അധ്യക്ഷ സ്ഥാനത്തുനിന്നും ഉടന്‍ മാറ്റില്ലെന്ന ഉറപ്പ് സുരേന്ദ്രന്‍ ഇതിനോടകം നേടിയെടുത്തു.

അതേസമയം, കേസുകളില്‍ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ നേടുന്നതിന് വേണ്ടിയാണ് ഇപ്പോഴും സുരേന്ദ്രന്‍ ദില്ലിയില്‍ തുടരുന്നത്. നാളെ സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ കാണും. കൃഷ്ണദാസ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ നിരന്തര പരാതികള്‍ നേതൃത്വത്തിന് ലഭിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നാളെ ബി എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ച.

കെ.സുരേന്ദ്രനെ പിന്തുണക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സംസ്ഥാന ബിജെപിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കേന്ദ്രനേതൃത്വത്തോട് കൃഷ്ണദാസ് ശോഭാപക്ഷങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടിയുടെവളര്‍ച്ച ഇല്ലാതാക്കിയെന്നും പാര്‍ട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സുരേന്ദ്രനെ നീക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News