യൂറോ കപ്പ് ഫുട്ബോൾ; ഇന്ന് മൂന്ന് മത്സരങ്ങൾ; ആദ്യ മത്സരത്തിൽ വെയിൽസ് സ്വിറ്റ്സർലണ്ടിനെ നേരിടും

യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് 6:30ന് വെയിൽസ് സ്വിറ്റ്സർലണ്ടിനെ നേരിടും. രാത്രി 9:30 ന് ഡെന്മാർക്കിന് ഫിൻലണ്ടാണ് എതിരാളി.രാത്രി 12:30 ന് ബെൽജിയം റഷ്യയെ നേരിടും.

ഇക്കഴിഞ്ഞ യൂറോയിൽ പുറത്തെടുത്ത വിസ്മയ പ്രകടനം ആവർത്തിക്കാനുറച്ചാണ് ഗ്രൂപ്പ് എയിൽ വെയിൽസിന്റെ പടയൊരുക്കം. സൂപ്പർ താരം ഗാരെത്ത് ബെയിലാണ് ടീമിന്റെ എല്ലാമെല്ലാം. റോബർട്ട് പേജിന്റെ പരിശീലന മികവിൽ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

പ്രതിഭാശാലികളായ പുതുമുഖ താരങ്ങളും പരിചയസമ്പന്നരും ചേർന്ന വെയിൽസ് ടീമിന് ഏത് ടീമിനെയും തോൽപിക്കാൻ ശേഷിയുണ്ട്.സ്വിറ്റ്സർലണ്ടാണ് വെയിൽസിന്റെ എതിരാളി. സ്വിസ് മെസിയെന്ന് വിളിപ്പേരുള്ള ഷെർദാൻ ഷാക്കിരിയാണ് വ്ളാദിമിർ പെറ്റ്കോവിക്ക് പരിശീലകനായ സ്വിറ്റ്സർലണ്ട് ടീമിലെ മിന്നുംതാരം.ഗ്രനിറ്റ് സാക്ക, ഹാരിസ് സഫറോവിക്ക്, ഫാബിയൻ ഷാർ എന്നീ താരങ്ങളും സീസണിൽ പുറത്തെടുത്തത് ഒന്നാന്തരം പ്രകടനമാണ്.

വിജയത്തുടക്കം കൊതിച്ചാണ് സ്വിസ് ടീം ഇറങ്ങുന്നത്.ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഡെന്മാർക്കിന് ഫിൻലണ്ടാണ് എതിരാളി. കാസ്പർ ജുൽമണ്ടെന്ന പരിശീലകന് കീഴിൽ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് സ്കാൻഡിനേവിയൻ ടീം: യൂറോ യോഗ്യതാ മത്സരങ്ങളിൽ പോരാട്ട മികവോടെ നിറഞ്ഞു നിന്ന ടീം അത് ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്.ക്രിസ്റ്റ്യൻ എറിക്സണെന്ന ക്ലാസ് മിഡ്ഫീൽഡറാണ് ടീമിലെ പ്രധാന താരം. ഇതിന് പുറമെ മാർട്ടിൻ ബ്രെയിത്ത്വെയിറ്റും ഗോൾകീപ്പർ കാസ്പർ ഷ്മിഷേലും യൂറോപ്പിൽ കളി മികവ് തെളിയിച്ചവരാണ്.

അതേസമയം അട്ടിമറി പ്രതീക്ഷയിലാണ് ഫിൻലണ്ട്. ടീമു പുക്കിയാണ് ടീമിന്റെ മുന്നണിപ്പോരാളി. സ്കോട്ടിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിക്കുന്ന താരങ്ങളും ഫിൻലണ്ട് ടീമിലുണ്ട്.മാർക്കു കനെർവയെന്ന പരിശീലകന്റെ തന്ത്രങ്ങളും ടീമിന് ഗുണം ചെയ്യും. ഗ്രൂപ്പ് ബിയിൽ ബെൽജിയം റഷ്യയെ നേരിടും.ലോകത്തെ ഒന്നാം നമ്പർ ടീമായ ബെൽജിയം റോബർട്ടോ മാർട്ടിനെസിൻടെ കീഴിൽ മിന്നും ഫോമിലാണ്.

ലുക്കാക്കുവും ഹസാർഡും ഡിബ്രൂയിനെയും ഉൾപ്പെടുന്ന ടീമിൽ സൂപ്പർ താരങ്ങൾ ഏറെയുണ്ട്. അർടേം സ്വൂബ നായകനായ റഷ്യൻ ടീമിലെ പ്ലേമേക്കർ അലക്സാണ്ടർ ഗോളോവിനാണ്.സ്റ്റാനിസ്ളാവ് ചെർച്ചസോവെന്ന പരിശീലകന്റെ ചാണക്യ തന്ത്രങ്ങളിലാണ് റഷ്യൻ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.ഏതായാലും കാൽപന്ത് കളി പ്രേമികളെ ആവേശത്തിരയിലാക്കുന്ന മത്സരങ്ങൾക്കാണ് ബാക്കുവും കോപ്പൻഹേഗനും പീറ്റേഴ്സ്ബർഗും സാക്ഷ്യം വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel