നവിമുംബൈ വിമാനത്താവളത്തിന് പേരിട്ടു; ഇനി നിർമ്മാണത്തിനായി കാത്തിരിക്കാം

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിർമ്മാണം കാത്തിരിക്കുന്ന വിമാനത്താവളത്തിന് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ പേര് തീരുമാനിച്ചു.ബിജെപി ഉൾപ്പെടെയുള്ള കക്ഷികളും വിവിധ സംഘടനകളും വിമാനത്താവളത്തിന് അന്തരിച്ച കർഷക നേതാവ് ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന് ആവശ്യവുമായി പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് ബാൽ താക്കറെയുടെ പേര് നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. നഗരവികസന വകുപ്പ് മന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് തീരുമാനം അറിയിച്ചത്.

ഡി.ബി. പാട്ടീൽ ആദരണീയനായ നേതാവാണെന്നും സംസ്ഥാനത്തെ മറ്റേതെങ്കിലും വൻപദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉറപ്പു നൽകിയിട്ടുണ്ടെന്നും ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

പദ്ധതി പ്രഖ്യാപിച്ചിട്ട് 24 വര്‍ഷം പിന്നിടുമ്പോഴും ഭൂമി നിരപ്പാക്കല്‍ ഘട്ടത്തില്‍ നില്‍ക്കുന്ന വിമാനത്താവള പദ്ധതിയുടെ പേരിനെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ബി.ജെ.പി. ഉൾപ്പെടെയുള്ള കക്ഷികളും വിവിധ സംഘടനകളും പ്രക്ഷോഭ സമരം നടത്തിയത്. എന്തായാലും കാലതാമസമില്ലാതെ പേരിന്റെ കാര്യത്തിൽ തീരുമാനമായെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നാണ് സര്‍വകക്ഷി സംഘര്‍ഷ സമിതി പറയുന്നത്.

1997-ലായിരുന്നു മുംബൈയില്‍ രണ്ടാമത്തെ വിമാനത്താവള പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നിരുന്നാലും ഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും നിരവധി കടമ്പകളായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയും മേഖലയിലെ തണ്ണീര്‍ത്തടങ്ങളെ വികസന പദ്ധതികള്‍ നശിപ്പിക്കുമെന്ന ഹരിത ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളും മറികടന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ 2017ല്‍ ജി വി കെ ഗ്രൂപ്പിന് ലഭിക്കുന്നത്.

ഏകദേശം 16,000 കോടിയുടെ വിമാനത്താവള പദ്ധതി പൂര്‍ത്തീകരിച്ച് വിമാനം പറന്നുയരാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്നാണ് ജി വി കെ ഗ്രൂപ്പ് പറയുന്നത്. ഭൂമി നിരപ്പാക്കല്‍ ഘട്ടത്തില്‍ നില്‍ക്കുന്ന വിമാനത്താവളത്തിന്റെ പണികള്‍ നിരവധി സമയപരിധികള്‍ നഷ്ടമായതിനെത്തുടര്‍ന്ന് മഹാമാരിയില്‍ വീണ്ടും അനശ്ചിതത്വത്തിലായിരിക്കുമ്പോഴായിരുന്നു പേരിനെ ചൊല്ലിയുള്ള തർക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here