ബാഗില്‍ പണവുമായി താന്‍ കുറേദിവസമായി നടക്കുന്നു, പണം കൈമാറുന്നത് പി കെ കൃഷ്ണദാസ് അറിയരുതെന്ന് പ്രസീതയോട് കെ സുരേന്ദ്രന്‍, ; ശബ്ദരേഖ കൈരളി ന്യൂസിന്

ബിജെപി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. സി കെ ജാനുവിന് പണം കൈമാറിയ സംഭവത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്കായി പുതിയ ശബ്ദരേഖ പുറത്തായി. ബി ജെ പിയിലെ ഗ്രൂപ്പിസം വ്യക്തമാകും വിധമുള്ള ഫോൺ സംഭാഷണത്തിൽ പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്നാണ് സുരേന്ദ്രൻ ജെ ആർ പി നേതാവ് പ്രസീതയോട് പറയുന്നത്. ബാഗിൽ പണവുമായി കുറെ ദിവസമായി നടക്കുന്നുവെന്ന് കെ സുരേന്ദ്രൻ പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.

കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം കൈമാറുന്നതിന് മുൻപ്  നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്. പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്നാണ് കെ സുരേന്ദ്രൻ ജെ ആർ പി ട്രഷറർ പ്രസീതയോട് ആവശ്യപ്പെടുന്നത്. പണവും ബാഗിലാക്കി നടക്കുയാണെന്ന് സുരേന്ദ്രൻ പറയുന്നതും വ്യക്തമാണ്. പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്ന് സുരേന്ദ്രൻ നിർദേശിച്ചിരുന്നതായി പ്രസീത അഴിക്കോട് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ബി ജെ പി യിലെ ഗ്രൂപ്പിസം വ്യക്തമാകുന്ന ഫോൺ സംഭാഷണം   സുരേന്ദ്രന് എതിരായ പി കെ കൃഷ്ണദാസ് വിഭാഗത്തിന്റെ ആയുധമായി മാറും.

കുഴല്‍പ്പണക്കേസിന്റെ അന്വേഷണം സുരേന്ദ്രനിലേക്ക് നീണ്ടത് ഇങ്ങനെ…

സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലുമായി ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്തെത്തിയതോടെയാണ് രാജ്യത്തെ ഒന്നടങ്കം നടുക്കിയ ബിജെപി കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനടക്കം അന്വേഷണ വിധേയമായത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം പ്രസീത പുറത്തുവിട്ടു.

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503-ാം നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്നും അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചു. കോള്‍ റെക്കോര്‍ഡുകള്‍ പ്രസീത പരസ്യപ്പെടുത്തി. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്. ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. ഈ മുറിയില്‍ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു.

പ്രസീതയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണ്ണരൂപം: ‘ഹോട്ടലിലേക്ക് തലേദിവസം ജാനു വരുന്നത് വരെ സുരേന്ദ്രന്‍ തന്നെ വിളിച്ചുകൊണ്ടിരുന്നു. നാലഞ്ചു പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ട്. ജാനു രാത്രി എത്തിയതിനു ശേഷമാണ് പിറ്റേന്ന് കാലത്ത് കാണാം എന്ന് പറയുന്നത്. രാവിലെ വിളിച്ച് റൂം നമ്പര്‍ ഏതാണെന്ന് തിരക്കുകയും ഏത് സമയത്ത് കാണാന്‍ സാധിക്കുമെന്നും ആരാഞ്ഞു. സുരേന്ദ്രന് സൗകര്യമുള്ള സമയത്ത് കാണാം എന്ന മറുപടിയും നല്‍കി- പ്രസീത പറയുന്നു. തന്റെ ഫോണിലേക്ക് സുരേന്ദ്രന്റെ ഫോണില്‍നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുത്തു.’ സുരേന്ദ്രന്റെ പി എ ആയിരുന്നു അദ്ദേഹത്തിന്റെ ഫോണില്‍നിന്ന് വിളിച്ചതെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.

അതിനു ശേഷം സുരേന്ദ്രനും അദ്ദേഹത്തിന്റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടു മിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയില്‍വെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്തുലക്ഷത്തിന്റെ കാര്യമാണ് ഇതുവരെ പറഞ്ഞത്. ബത്തേരിയിലെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബത്തേരിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെക്കാളും കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും പ്രസീത പറഞ്ഞു. നാളെ തനിക്കോ തന്റെ പാര്‍ട്ടിയിലെ ആളുകള്‍ക്കോ എന്ത് സംഭവിച്ചാലും കാര്യങ്ങള്‍ മുന്നോട്ടു തന്നെ പോകുമെന്നും പ്രസീത പറഞ്ഞു.

മാര്‍ച്ച് ഏഴാം തിയതി രാവിലെ 9.56-നാണ് സുരേന്ദ്രന്റെ ഫോണില്‍നിന്ന് പി എ ദിപിന്‍ പ്രസീതയെ വിളിക്കുന്നതെന്നും പ്രസീത മാതൃഭൂമി ന്യൂസിനോടു വ്യക്തമാക്കി. ഇതിന്റെ ശബ്ദരേഖയും അവര്‍ കൈമാറി. ഈ കോള്‍ ആണ് ജാനു എടുക്കുന്നത്. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍നിന്ന് കോള്‍ വന്നതോടെ ജാനു എടുക്കുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രനും സംഘവും 503-ാം നമ്പര്‍ മുറിയിലെത്തി. ആദ്യഘട്ടത്തില്‍ പ്രസീത ഉള്‍പ്പെടെയുള്ള ആളുകളുമായി ചര്‍ച്ച നടത്തി. പിന്നാലെ സുരേന്ദ്രനും ജാനവും തനിച്ച് ചര്‍ച്ച നടത്തി. അതിനുശേഷം കയ്യിലുണ്ടായിരുന്ന ബാഗില്‍നിന്ന് പണം ജാനുവിന് കൈമാറി. തുടര്‍ന്ന് പണം കിട്ടിയ കാര്യം ജാനു തന്നെ അറിയിച്ചു.-പ്രസീത പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here