മരണപ്പെട്ടെന്ന് വിധിയെഴുതി :ദശാബ്ദത്തിന് ശേഷമുളള അമ്മ-മകന്‍ കൂടിക്കാഴ്ച മലയാളക്കരയെ ഈറനണിയിച്ചു

പെറ്റമ്മയെ തേടിയലഞ്ഞ സൗന്ദര രാജൻറെ തോരാത്ത കണ്ണീരിന് വിരാമം.മാനസിക നില തെറ്റി വീട് വിട്ട് ഇറങ്ങിയ അമ്മയെ പത്ത് വർഷത്തിന് ശേഷം കണ്ട് കിട്ടിയ സന്തോഷത്തിലാണ് മകൻ സൗന്ദര രാജൻ. മരണപ്പെട്ടന്ന് കരുതി പൊലീസ് എ‍ഴുതിത്തളളിയ ശിവഗംഗ സ്വദേശിനി പളനിയമ്മാളിൻറെയും, മകൻ സൗന്ദര രാജൻറെയും കണ്ട് മുട്ടൽ നടന്നതാവട്ടെ തോന്നയ്ക്കലെ ചാരിറ്റി വില്ലേജിൽ വച്ചാണ് .

തൃശൂർ വരന്തപളളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ച് കൊന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് നമ്മളുടെ ഒരു ദിവസം കടന്ന് പോകുന്നതെങ്കിൽ, പെറ്റമ്മയ്ക്ക് വേണ്ടി പത്ത് കൊല്ലം വ‍ഴിക്കണ്ണുകളോടെ കാത്തിരുന്ന മറ്റൊരു മകൻറെ സന്തോഷം നിറഞ്ഞ മുഖം ആണ് ഞങ്ങൾക്ക് പരിചയപ്പെടുത്താനുളളത്.

പത്ത് വർഷങ്ങൾക്ക് മുൻപ് മാനസിക നില തെറ്റി വീട് വിട്ടിറങ്ങിയ ശിവഗംഗ സ്വദേശിനിയായ പളനിയമ്മയെ തേടാൻ ഇനിയൊരു സ്ഥലവും ബാക്കിയുണ്ടായിരുന്നില്ല. മൂന്ന് വർഷത്തോളം പളനിയമ്മയുടെ തിരോധാനം അന്വേഷിച്ച തമി‍ഴ്നാട് പൊലീസ് അവർ മരണപ്പെട്ടിട്ടുണ്ടാവും എന്നു കരുതി വിധിയെ‍ഴുതി കേസ് അവസാനിപ്പിച്ചു. എന്നാൽ തെരുവിൽ അലഞ്ഞ് നടന്ന അവരെ ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് വെഞ്ഞാറംമൂട് ചാരിറ്റി വില്ലേജിലെത്തിച്ചത്. ഇവിടെ നടത്തിയ ചികിൽസയിലാണ് പളനിയമ്മ ബന്ധുക്കളെ പറ്റി വിവരം നൽകിയത്.

കഴിഞ്ഞ ദിവസം ഈറോഡ് തഹസീൽദാറാണ് പളനിയമ്മാളിന്റെ മകനായ സൗന്ദരരാജനെ ഫോണിൽ വിളിച്ച് അമ്മയെ കണ്ടെത്തിയ വിവരം അറിയിച്ചത്.പത്തു വർഷത്തിന് ശേഷം വീട് വിട്ടിറങ്ങിയ അമ്മയെ കണ്ട് കിട്ടിയ സന്തോഷത്തിലാണ് സൗന്ദരരാജൻ.

പളനിയമ്മയെ പോലെ എൺപതോളം പേർ ചാരിറ്റി വില്ലേജിന്റെ സംരക്ഷണത്തിൽ കഴിയുന്നുണ്ട്.ഇതിൽ ഭിക്ഷാടന മാഫിയ കണ്ണും നാക്കും മുറിച്ചെടുത്ത, സംസാരിക്കാനാവാത്ത ബാലൻ ഉൾപ്പടെ മൂന്നു പേരുടെ നാടും വീടും തിരിച്ചറിയാൻ ക‍ഴിഞ്ഞിട്ടില്ലെന്ന് ചാരിറ്റി വില്ലേജിൻറെ ചെയർമാൻ തോന്നയ്ക്കൽ ഉവൈസ് അമാനി കൈരളി ന്യൂസിനോട് പറഞ്ഞു.

മരണപ്പെട്ടെന്ന് കരുതിയ അമ്മയെ തിരികെ കിട്ടിയതിൻറെ സന്തോഷത്തിലാണ് സൗന്ദര രാജൻ. ഇനി അമ്മയെ നാട്ടിൽ കൊണ്ട് പോയി ചികിൽസിക്കണമെന്നും ശിഷ്ടകാലം അമ്മയെ പൊന്ന് പോലെ നോക്കണമെന്നുമാണ് സൗന്ദര രാജൻറെ ആഗ്രഹം. ദശാബ്ദത്തിന് ശേഷമുളള അമ്മ മകൻ കൂടികാ‍ഴ്ച കണ്ട് നിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News