കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍

കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയായിരുന്നു സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം.

കൊടകര കുഴല്‍പണ കേസിലെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും മൂന്നംഗ സമിതിയെ നിയോഗിച്ചില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മാധ്യമങ്ങളെ കടന്നാക്രമിച്ച് ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന തന്ത്രമാണ് സുരേന്ദ്രന്‍ നടത്തിയത്.

അതേസമയം, ബിജെപി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു. സി കെ ജാനുവിന് പണം കൈമാറിയ സംഭവത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കുരുക്കായി പുതിയ ശബ്ദരേഖ പുറത്തായി. ബി ജെ പിയിലെ ഗ്രൂപ്പിസം വ്യക്തമാകും വിധമുള്ള ഫോണ്‍ സംഭാഷണത്തില്‍ പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്നാണ് സുരേന്ദ്രന്‍ ജെ ആര്‍ പി നേതാവ് പ്രസീതയോട് പറയുന്നത്. ബാഗില്‍ പണവുമായി കുറെ ദിവസമായി നടക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറയുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്.

കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്നാണ് കെ സുരേന്ദ്രന്‍ ജെ ആര്‍ പി ട്രഷറര്‍ പ്രസീതയോട് ആവശ്യപ്പെടുന്നത്. പണവും ബാഗിലാക്കി നടക്കുയാണെന്ന് സുരേന്ദ്രന്‍ പറയുന്നതും വ്യക്തമാണ്.

പണം കൈമാറുന്ന കാര്യം പി കെ കൃഷ്ണദാസ് അറിയരുത് എന്ന് സുരേന്ദ്രന്‍ നിര്‍ദേശിച്ചിരുന്നതായി പ്രസീത അഴിക്കോട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബി ജെ പി യിലെ ഗ്രൂപ്പിസം വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം സുരേന്ദ്രന് എതിരായ പി കെ കൃഷ്ണദാസ് വിഭാഗത്തിന്റെ ആയുധമായി മാറും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here