വിവാദങ്ങൾക്കിടെ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്; തിങ്കളാഴ്ച 12.30 ന് അഗത്തിയിൽ വിമാനമിറങ്ങും: സുരക്ഷയൊരുക്കാൻ നിർദേശം

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ തിങ്കളാഴ്ച ദ്വീപിലേക്ക്.വിവാദങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന്  അഗത്തിയിൽ വിമാനമിറങ്ങും.20 ന് മടങ്ങും.

ദ്വീപിലെ ജനവാസ പ്രദേശങ്ങളിൽ പ്രഫുൽ ഖോഡ പട്ടേൽ സന്ദർശനം നടത്തും. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ അധികൃതർ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.പ്രാദേശിക എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ ലക്ഷദ്വീപ് ജനതയ്‌ക്കിടയിൽ എതിർപ്പ് ശക്തമായിരിക്കെയാണ് അഡ്‌മിനിസ്‌ട്രേറ്റർ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ജൂൺ 20ന് കവരത്തി സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ഐഷയ്‌ക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് ഐഷ സുൽത്താനയ്ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ വിവാദ നടപടികൾക്കെതിരെ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.ചാനൽ ചർച്ചയ്ക്കിടെ പ്രഫുൽ പട്ടേലിനെ ‘ബയോവെപൺ’ (ജൈവായുധം) എന്ന് ഐഷ വിശേഷിപ്പിച്ചതാണ് കേസിന് ആധാരം.

സംഭവം വിവാദമായതോടെ തൻ്റെ പ്രയോഗം പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അദ്ദേഹത്തിൻ്റെ നയങ്ങള്‍ ജൈവായുധം പോലെ തോന്നിയതു കൊണ്ടാണെന്നും ഐഷ സുൽത്താന പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

അതേസമയം ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണമായും മം​ഗലാപുരം തുറമുഖത്തു കൂടിയാക്കാൻ തീരുമാനിച്ചു. മംഗലാപുരം തുറമുഖത്തെ സേവനം വർധിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നിയോ​ഗിച്ചു. ബേപ്പൂരിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെയാണ് മംഗലാപുരം തുറമുഖത്തേക്ക് നിയമിച്ചത്. ബേപ്പൂർ അസി. ഡയറക്ടർ സീദിക്കോയ അടക്കം ഉള്ളവർക്കാണ് മംഗലാപുരം ചുമതല.

ലക്ഷദ്വീപിൽ നിന്നുള്ള ചരക്ക് നീക്കം പൂർണമായും ബേപ്പൂർ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങൾ കേരള സർക്കാർ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. ബേപ്പൂർ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ദ്വീപിലേക്ക് കൂടുതൽ യാത്രാക്കപ്പലുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികൾക്ക് ആവശ്യമായ സഹായങ്ങൾ എല്ലാം കേരള സർക്കാർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.ലക്ഷദ്വീപിൽ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപിൽ നിലനിൽക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായും മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News