റൂലൻ മോസ്ലെയുടെ നിഗൂഢ നീക്കങ്ങൾ എൻ ഐ എ അന്വേഷിക്കണം: എളമരം കരീം എംപി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി

രാജ്യത്തെ വിസാ നിയമങ്ങളും ലക്ഷദ്വീപിലെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി ബിജെപി സംസ്ഥാന നേതൃത്വത്തിന്റ സഹായത്തോടെ ദ്വീപിൽ സ്വൈര്യവിഹാരം നടത്തുന്ന ജർമൻ പൗരനായ റൂലൻ മോസ്ലെക്കെതിരെ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എം പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി.

രാജ്യസുരക്ഷയിൽ അതീവ പ്രാധാന്യമുള്ള ദ്വീപിലെ എൻട്രി പെർമിറ്റിൽ കൃത്രിമം കാണിച്ച് രാജ്യത്തിന്റെ അന്താരാഷ്ട്ര വിസ സംവിധാനത്തെ അട്ടിമറിച്ച റൂലൻ മോസ്ലെ, അഗത്തി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരള ഹൈക്കോടതിയിൽ നിന്നും നേടിയ മുൻ‌കൂർ ജാമ്യവ്യവസ്ഥകളും അട്ടിമറിച്ചാണ് ദ്വീപിൽ വിഹരിക്കുന്നത്.

ബംഗാരം ദ്വീപിൽ അദ്ദേഹത്തിന്റെ സ്പോൺസർ ആയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റിന്റെ മകനുമായി ഈ വ്യക്തി ഇപ്പോഴും സ്വൈര്യവിരാഹം നടത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ രാഷ്ട്രീയ ബന്ധം കാരണം ദ്വീപ്‌ പൊലീസ് തീർത്തും നിഷ്‌ക്രിയരായിരിക്കുകയാണ് എന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ വർഷം രാഷ്ട്രപതി ബംഗാരം ദ്വീപ് സന്ദർശിച്ചപ്പോഴും ഈ വ്യക്തിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. വിസയോ പാസ്പോർട്ടോ പെർമിറ്റോ ഇല്ലാതെ ഇദ്ദേഹം ബംഗാരം ദ്വീപിൽ തങ്ങിയത് എങ്ങനെ എന്നതിൽ വ്യക്തതയില്ല. അഗത്തി പൊലീസ് ഒരു വർഷമായി രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ കോടതിയിൽ ചാർജ് ഷീറ്റ് പോലും നൽകാതെ നീട്ടികൊണ്ട് പോകുകയാണ്. ഇതെല്ലാം ലക്ഷദ്വീപ് ബിജെപി നേതൃത്വത്തിന്റെ സഹായത്തോടെയാണ് എന്നാണ് ദ്വീപ്‌ നിവാസികൾ സംശയിക്കുന്നത്. അതിനാൽ രാജ്യരക്ഷയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിൽ എത്രയും വേഗം എൻ ഐ എ അന്വേഷണത്തിന് ഉത്തരവിടണമെന്നും റൂലൻ മോസ്ലെയുടെ നിഗൂഢ നീക്കങ്ങൾ പുറത്തുകൊണ്ടുവരുന്നതിനോടൊപ്പം ഈ വ്യക്തിയെ സംരക്ഷിക്കുന്ന മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here