ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നു, സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി ;അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആശുപത്രി വികസനം, കുടിവെള്ള ലഭ്യത, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ തുടങ്ങിയവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും കോട്ടയം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ എംഎല്‍എ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് ആരോഗ്യ മേഖലയ്ക്കാണ്. ഇതിന്റെ ചുവട് പിടിച്ച് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും വന്‍ വികസനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.

പി എം കെയറില്‍ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിന് അനുമതിയായി. ഒ.പി വിഭാഗത്തിനായുള്ള ലോഞ്ചിനായി 2 കോടി 5 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. 28 കോടി രൂപ ചിലവില്‍ 8 നില മന്ദിരവും നിര്‍മ്മിക്കും.

റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു. കെ സി പാലം വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.66 കോടി രൂപ ചിലവില്‍ ഗതാഗത സൗകര്യമുള്ള പുതിയ പാലം നിര്‍മ്മിക്കാന്‍ പദ്ധതിയായി.

പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കി. ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന് സ്ഥിരം സംവിധാനവും നിയോജക മണ്ഡലത്തിലെ കുടിവെള്ളം പരിഹരിക്കുന്നതിനായി ചങ്ങനാശേരിക്ക് മാത്രമായി ഒരു കുടിവെള്ള പദ്ധതിയും യാഥാര്‍ത്ഥ്യമാക്കുമെന്നും ജോബ് മൈക്കിള്‍ പറഞ്ഞു.

രാജഭരണകാലം മുതല്‍ക്കേയുള്ള ചങ്ങനാശേരി മാര്‍ക്കറ്റിന്റെ പേരും പെരുമയും നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കും. പുതിയ ഫളൈ ഓവര്‍, ബസ് സ്റ്റാന്റ് നവീകരണം തുടങ്ങിയവയും യാഥാര്‍ത്ഥ്യമാക്കുമെന്നും ജോബ് മൈക്കിള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here