പ്രതിസന്ധികളെ തരണം ചെയ്ത് വിജയക്കൊടി പാറിച്ച് മുന്നേറിയ ദീപ്ശിഖയെന്ന പത്തൊമ്പതുകാരി

ദീപ്ശിഖ ദേബിന് വഴങ്ങുന്നത് സ്വന്തം മാതൃഭാഷയായ ആസാമീസിനേക്കാൾ മലയാളമാണ്. അസാമിൽ നിന്ന് ഏകദേശം 20 വർഷം മുൻപ് തൊഴിൽ തേടി കുടുംബം കണ്ണൂരെത്തിയതോടെയാണ് ദീപ്ശിഖയും കേരളവുമായുള്ള ബന്ധം ആരംഭിക്കുന്നത്. മികച്ച ജീവിതം സ്വപ്നം കണ്ടെത്തിയ ഈ പെൺകുട്ടിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നത് വൻ പ്രതിസന്ധികളെയാണ്.

ദീപ്ശിഖയ്ക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛനും അമ്മയ്ക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം കുടുംബം കേരളത്തിലേക്ക് ചേക്കേറുന്നത്. പ്രതീക്ഷിച്ച പോലെ സന്തോഷഭരിതമായിരുന്നില്ല ജീവിതം. മദ്യപാനിയായ അച്ഛനും മനോനില തെറ്റിയ അമ്മയ്ക്കുമിടയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ അവൾ വല്ലാതെ കഷ്ടപ്പെട്ടു.

മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ അടിക്കുന്ന അച്ഛന്റെ ചിത്രം ഇന്നും എന്റെ കൺമുന്നിലുണ്ട്. ഏത് സമയവും മദ്യപിച്ച് കുടുംബത്തിനായി ഒരുരൂപ പോലും ചിലവാക്കാതെയാണ് അച്ഛൻ ജീവിച്ചത്. ഞങ്ങളിൽ നിന്നെല്ലാം അകന്നു ജീവിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും തമ്മിൽ തല്ലുകൂടാത്ത ദിവസങ്ങളില്ല. ഇതിനിടയിലും എന്റെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമായിരുന്നില്ല. കണ്ണൂർ ചൊവ്വ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചതെന്ന് അവൾ പറയുന്നു.

മറ്റുള്ളവരെപ്പോലെ സാധാരണമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തിൽ ജീവിതത്തിലെ പല പ്രശ്നങ്ങളേയും അവൾ കരുത്തോടെ നേരിട്ടു. എന്നാൽ കുടുംബത്തെ കേരളത്തിൽ തനിച്ചാക്കി ആസാമിലേക്ക് പോയ പിതാവ് തിരികെ വരാതിരുന്നതോടെ ഇവരുടെ പ്രതീക്ഷകളെല്ലാം താളംതെറ്റി.

കൂടുതൽ അന്വേഷിച്ചപ്പോൾ കള്ളക്കടത്ത് കേസിൽ അച്ഛൻ പിടിക്കപ്പെട്ടെന്നും ഒരു വർഷത്തോളം തടവുശിക്ഷ അനുഭവിച്ചെന്നും അറിഞ്ഞത്.’ഇത്തരമൊരു ഗൃഹാന്തരീക്ഷത്തിൽ പഠനം സാധ്യമല്ലെന്ന് മനസ്സിലായി. അങ്ങനെ കൗൺസലിങ്ങിനായി സ്കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോട് വീട്ടിലെ അവസ്ഥകളെല്ലാം ഞാൻ പറഞ്ഞു. അതോടെ എനിക്ക് പഠിക്കണം, വീട്ടിലിരുന്നാൽ എനിക്കതിന് സാധിക്കില്ലെന്നും എങ്ങോട്ടെങ്കിലും മാറ്റണമെന്നും അഭ്യർഥിച്ചു.

തുടർന്ന് സാന്ത്വന ഭവനത്തിലേക്കും എച്ചൂരുള്ള ഹോളി മൗണ്ടിലേക്കും അവളെ മാറ്റിപാർപ്പിച്ചു. അവിടെയിരുന്നുള്ള പഠനവും അത്രയെളുപ്പമായിരുന്നില്ല. വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്ന് വന്ന കുട്ടികൾക്കിടയിലിരുന്ന് ഏകാഗ്രതയോടെയുള്ള പഠനം സാധ്യമായില്ല.

എത്രയും പെട്ടെന്ന് പ്ലസ്ടു പൂർത്തിയാക്കി ഉപരിപഠനത്തിനായി ദില്ലിയിലേക്ക് പോകുന്നതായി അവളുടെ ലക്ഷ്യം. ആ ലക്ഷ്യം പൂർത്തിയാക്കിയ അവളിപ്പോൾ ദില്ലി സർവകലാശാലയിൽ സംസ്കൃതത്തിൽ ബിരുദപഠനം നടത്തുകയാണ്. കാരിത്താസ് ഇന്ത്യയുടെ കൈറോസ് കണ്ണൂർ പദ്ധതിയുടെ കീഴിൽ കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ ക്ലാസ്സെടുക്കുന്നുമുണ്ട് ഈ 19-കാരി. ബിരുദം പൂർത്തിയാക്കിയ ശേഷം യൂണിഫോം തസ്തികയിൽ ജോലിനേടണമെന്നതാണ് ഈ പെൺകുട്ടിയുടെ വലിയ ആഗ്രഹങ്ങളിലൊന്ന്.

ദീപ്ശിഖ മാത്രമല്ല, അവളുടെ കൂടപ്പിറപ്പുകളും തങ്ങൾ സ്വപ്നം കണ്ട ജീവിതം ജീവിക്കുകയാണിപ്പോൾ. രണ്ട് സഹോദരന്മാരിൽ ഒരാൾ ദില്ലിയിൽ എം.ഫിൽ ചെയ്യുകയാണ്, രണ്ടാമത്തെയാൾ പാലക്കാട് എൻജിനിയറിങ്ങിന് പഠിക്കുന്നു. എനിക്ക് പഠിക്കണം, എന്റെ അമ്മ ജീവിച്ചതിനേക്കാൾ മികച്ച ജീവിതം ഞാനാഗ്രഹിക്കുന്നുണ്ട്, അതിന് ഞാൻ പഠിച്ചേ മതിയാകൂവെന്ന് ജീവിതത്തിലെ പ്രതിസന്ധികളെ വിദ്യാഭ്യാസത്തിലൂടെ മറികടക്കാനാവുമെന്ന് വിശ്വസിക്കുന്ന ദീപ്ശിഖ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News