യൂറോ കപ്പിൽ വമ്പൻ ജയത്തോടെ ബെൽജിയം; റഷ്യയെ തകർത്തത് 3 ഗോളുകൾക്ക്

യൂറോ കപ്പ് ഫുട്ബോളിൽ ബെൽജിയത്തിനും ഫിൻലണ്ടിനും ജയം. ബെൽജിയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റഷ്യയെ തകർത്തപ്പോൾ ഫിൻലണ്ട് ഒറ്റ ഗോളിന് ഡെന്മാർക്കിനെ അട്ടിമറിച്ചു. ഗ്രൂപ്പ് എയിലെ വെയിൽസ് – സ്വിറ്റ്സർലണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു.

ഫിൻലണ്ടിനെതിരായ മത്സരത്തിനിടെ ഡെന്മാർക്കിന്റെ മധ്യനിര താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണതിനെ തുടർന്ന് നിർത്തിവച്ച മത്സരം ഏറെ വൈകിയാണ് പുനരാരംഭിച്ചത്. മത്യാസ് ജൻസൻ ആയിരുന്നു ഡാനിഷ് നിരയിൽ എറിക്സണിന്റെ പകരക്കാരൻ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം കളിയിൽ മേധാവിത്വം പുലർത്തിയത് ഡെന്മാർക്കായിരുന്നു. കളിയുടെ ഗതിക്കെതിരായി അറുപതാം മിനുട്ടിൽ ജോയൽ പോജൻപാ ലോയിലൂടെ ഫിൻലണ്ട് മുന്നിലെത്തി.

എഴുപത്തിനാലാം മിനുട്ടിൽ ഡെന്മാർക്കിന്റെ ഹോജ്ബെർഗെടുത്ത പെനാൽട്ടി കിക്ക് ഫിൻലണ്ട് ഗോളി ഹ്റാദെക്കി രക്ഷപ്പെടുത്തി. പകരക്കാരെ ഇറക്കിയുള്ള ഡെന്മാർക്കിന്റെ പരീക്ഷണം പല തവണ ഗോളിനടുത്തെത്തിയെങ്കിലും ഫിൻലണ്ട് പ്രതിരോധവും ഗോളി ഹ്റാദെക്കിയും രക്ഷകരായി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ യൂറോ കപ്പിലെ ആദ്യ അട്ടിമറി ജയവും ഗ്രൂപ്പ് ബിയിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റും ഫിൻലൻഡിന് സ്വന്തം. റഷ്യയ്ക്കെതിരായ മത്സരത്തിൽ ലോകഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം പുറത്തെടുത്തത് പെരുമയ്ക്കൊത്ത പ്രകടനമാണ്. കളി തുടങ്ങി പത്താം മിനുട്ടിൽ തന്നെ റൊമേലു ലുക്കാക്കു റഷ്യൻ വല കുലുക്കി.

തന്റെ ഈ ഗോൾ ലുക്കാക്കു സമർപ്പിച്ചത് ഫിൻലണ്ടിനെതിരെ കുഴഞ്ഞുവീണ് മരണത്തോട് മല്ലടിച്ച ഇൻറർമിലാൻ ക്ലബ്ബിലെ തന്റെ സഹതാരം കൂടിയായ ക്രിസ്റ്റ്യൻ എറിക്സണിനാണ്. ആക്രമണാത്മക ഫുട്ബോളുമായി ബെൽജിയം കളം നിറഞ്ഞപ്പോൾ റഷ്യൻ പ്രതിരോധക്കോട്ട പലപ്പോഴും ആടി ഉലഞ്ഞു. മുപ്പത്തിനാലാം മിനുട്ടിൽ പകരക്കാരൻ തോമസ് മ്യൂണിയറിലൂടെ ബെൽജിയം ലീഡ് ഉയർത്തി.

അൾഡെർവെയ്ഡും ബൊയാട്ടയും വെർട്ടോംഗനും പ്രതിരോധത്തിൽ കോട്ട കെട്ടിയപ്പോൾ റഷ്യയുടെ പ്രത്യാക്രമണങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ല.എൺപത്തിയെട്ടാം മിനുട്ടിൽ ഡബിൾ തികച്ച ലുക്കാക്കു ബെൽജിയത്തിന്റെ ജയം ഉറപ്പിച്ചു.

ഗ്രൂപ്പ് എയിലെ വെയിൽസ് – സ്വിറ്റ്സർലണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ആം മിനുട്ടിൽ ബ്രീൽ എംബോളോയിലൂടെ സ്വിറ്റ്സർലണ്ടാണ് ആദ്യം മുന്നിലെത്തിയത്.74 ആം മിനുട്ടിൽ കീഫർ മൂറിലൂടെ വെയിൽസ് സമനില പിടിച്ചു.വിജയഗോളിനായി ടീമുകൾ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News