ആടിയും പാടിയും അട്ടപ്പാടിയില്‍ കൊവിഡ് പരിശോധന. ആദിവാസി ഊരിലെ ജനങ്ങള്‍ കൊവിഡ് പരിശോധനയോട് വിമുഖത കാണിച്ച് നിന്നതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ആട്ടവും പാട്ടുമായി കൂടിയത്. ആടി പാടി കൂട്ട് കൂടിയതോടെ ഊരിലെ ജനങ്ങള്‍ കൊവിഡ് പരിശോധനക്ക് തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അരുണും സംഘവുമാണ് ആടി പാടുന്നത്. അട്ടപ്പാടിയിലെ കതിരന്പതി ഊരിലാണ് ആട്ടവും പാട്ടുമായി പരിശോധന നടന്നത്. കൊവിഡ് പരിശോധനയ്ക്കെത്തിയതാണ് ഡോക്ടറുടെ നേതൃത്വത്തില്‍ നാലംഗ സംഘം. എന്നാല്‍ പരിശോധന വേണ്ടെന്ന് ഊര് നിവാസികള്‍ പറഞ്ഞു. ഒടുവില്‍ ഒരു നാടന്‍ പാട്ട് മൂളി. ഡോക്ടറും സംഘവും മെല്ലെ ചുവട് വെച്ചു. മാറി നിന്ന ഊര് നിവാസികളും പതിയെ ആദിവാസി സംഗീതവുമായി ഒപ്പം കൂടി. ചുവടുവെച്ചു. ഒടുവില്‍ കൊവിഡ് പരിശോധനയ്ക്ക് തയ്യാറായി.
25 പേരെയാണ് ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ആദിവാസി മേഖലകളിലുള്‍പ്പെടെ കൊവിഡ് പരിശോധനയ്ക്കും വാക്സിനേഷനും തയ്യാറാകാതെ മാറി നില്‍ക്കുന്നവരെ വളരെ ശ്രമകരമായ ഇടപെടലുകള്‍ നടത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കുന്നത്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.