ഋഗ്വേദത്തില്‍ നിന്ന് കാറല്‍മാര്‍ക്‌സിന്‍റെ കൃതികളിലേയ്ക്ക് ജനതയെ നയിച്ച…ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക് ഒരു ജനതയ്ക്ക് വഴികാട്ടിയ.. ജന്മിത്വത്തില്‍ നിന്ന് ജന്മിത്വം അവസാനിപ്പിച്ച ഭൂപരിഷ്‌ക്കരണനിയമത്തിന്‍റെ ശില്‍പിയായ മുഖ്യമന്ത്രിയിലേക്ക് കാലെടുത്തുവെച്ച പ്രിയ സഖാവ് ഇഎംഎസിന്റെ 112ാം ജന്മദിനമാണിന്ന്.
വിശേഷണങ്ങള്‍ക്ക് അതീതനായ സൈദ്ധാന്തികന്‍. മലയാളികള്‍ക്കെല്ലാം അഭിമാനവും വികാരവുമായ വ്യക്തിത്വം. ലോകത്തിന് കേരളം സമ്മാനിച്ച ഏറ്റവും വലിയ കമ്മ്യൂണിസ്റ്റായിരുന്നു ഇഎംഎസ്. പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ജനലക്ഷങ്ങളെ സ്വാധീനിക്കുകയും രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു ഈ വിപ്ലവസൂര്യന്‍.
വിവിധ വിഷയങ്ങളിലുള്ള ഇഎംഎസിന്റെ വീക്ഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഓരോ ദൃശ്യമാധ്യമങ്ങളും കാതോര്‍ത്തിരുന്നു. പ്രാദേശികവും ദേശീയവും രാഷ്ട്രീയപരമായും സാര്‍വദേശീയവുമായ വിഷയങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്കുമുന്നിലെത്തിച്ചു. മാത്രമല്ല, മത-സാമൂഹിക വിഷയങ്ങളിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു. കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്‌ക്കരണനിയമം ഇഎംഎസിന്റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.
1909 ജൂണ്‍ 13 ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയിലാണ് ഇഎംഎസ് നമ്പൂതിരിപ്പാട് ജനിച്ചത്. വേദപഠനത്തിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ.വിക്ടോറിയ കോളജിലും തൃശൂര്‍ സെന്റ് തോമസ് കോളജിലും പഠിച്ചു. ബി.എ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തു (1931). സിവില്‍ നിയമം ലംഘിച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചു (1932). യോഗക്ഷേമസഭയില്‍ ആരംഭിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയിലൂടെ ഇഎംഎസ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി നേതാവായി.
എഐസിസി അംഗം (1934-36) കെ.പി.സി.സി സെക്രട്ടറി (1934,1938, 1940) മദ്രാസ് നിയമസഭാംഗം (1937) കേരള നിയമസഭാംഗം (1957, 60, 65, 67, 70) മുഖ്യമന്ത്രി (195759, 196769) എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. പ്രതിപക്ഷനേതാവ് (1970). സി.പി.ഐ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗം (1941 മുതല്‍, സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി (197892) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1937 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് കേരളത്തിന്റെ വിപ്ലവനക്ഷത്രം ഇഎംഎസ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ (1957) മുഖ്യമന്ത്രി ഇഎംഎസായിരുന്നു. ‘വിമോചനസമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേരള നിയമസഭ പിരിച്ചു വിട്ട് (1959) പത്തു വര്‍ഷത്തിനുശേഷം വീണ്ടും 1967 ല്‍ അദ്ദേഹം മുഖ്യമന്ത്രിയായി. 69 ല്‍ രാജിവച്ചു.
കൃഷിഭൂമി കര്‍ഷകനു നല്‍കിയ ഭൂപരിഷ്‌ക്കരണനിയമം ഇഎംഎസിന്റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി 100-ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. 72 ല്‍ അദ്ദേഹത്തിന്‍റെ ‘ആത്മകഥ’ യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. സോഷ്യലിസം, കേരള ചരിത്രം, കേരളത്തിന്റെ ദേശീയ പ്രശ്‌നം, കേരളം മലയാളികളുടെ മാതൃഭൂമി, ഗാന്ധിയും ഗാന്ധിസവും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, വേദങ്ങളുടെ നാട്, കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, ”വൈ ഐ ആം എ കമ്യൂണിസ്റ്റ്”, ”എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫ്രീഡം സ്ട്രഗിള്‍ ‘. എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ഗ്രന്ഥങ്ങളാണ്. പ്രഭാതം, ദേശാഭിമാനി, നവയുഗം, ജനയുഗം, നവജീവന്‍, ചിന്ത തുടങ്ങിയ പത്രങ്ങള്‍ ആരംഭിച്ചത് ഇഎംഎസിന്റെ നേതൃത്വത്തിലാണ്.
സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയുമായ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചത് 1998 മാര്‍ച്ച് 19 നാണ്. ഭാര്യ, പരേതയായ ആര്യ അന്തര്‍ജ്ജനം.
മരണത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ഓര്‍മ്മകളില്‍ ഇഎംഎസ് എന്ന മനുഷ്യനെ ഓര്‍ക്കുക അസ്തമയം ഇല്ലാത്ത സൂര്യന്‍ എന്നായിരിക്കും. തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ച പാവങ്ങളുടെ പ്രിയ സഖാവ്. കേരളമുഖ്യമന്ത്രിയായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായും പിന്‍ക്കാലത്ത് കേരളത്തിന്റെ പൊതുസമൂഹത്തെ ഇഎംഎസ് എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നത് മറ്റൊരു ചരിത്രമാണ്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ
Get real time update about this post categories directly on your device, subscribe now.