കൊവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികില്‍സയും പരിചരണവും; ശിശുരോഗ വിദഗ്ദന്‍ പറയുന്നതിങ്ങനെ

വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് രോഗം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികില്‍സയേയും പരിചരണത്തെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച്‌ ശിശുരോഗ വിദഗ്ദനും നാഷണല്‍ കൊവിഡ് 19 ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന അംഗവുമായ ഡോ നരേന്ദ്ര കുമാര്‍ അറോറ സംസാരിക്കുന്നു.

മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും കൊവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയ തലത്തില്‍ ഒടുവില്‍ നടത്തിയ സിറോ സര്‍വേ അനുസരിച്ച്‌, സര്‍വ്വേയില്‍ ഉള്‍പ്പെട്ട കുട്ടികളില്‍ ഇരുപത്തിയഞ്ച് ശതമാനവും കൊവിഡ് ബാധിതരാണ്. പത്ത് വയസ്സില്‍ താഴെ പ്രായപരിധിയിലുള്ള കുട്ടികളില്‍പ്പോലും മറ്റ് പ്രായത്തിലുള്ളവരെപ്പോലെ തന്നെ രോഗബാധ കാണുന്നു.ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്‌, ഒന്നാം തരംഗത്തില്‍ 3 മുതല്‍ 4 ശതമാനം വരെയുള്ള കുട്ടികള്‍ക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനം തന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാല്‍, ഇത്തവണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.

ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈല്‍ഡ്്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികംപേര്‍ കോവിഡ് ബാധിതരാണെങ്കില്‍ കുട്ടികള്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്.ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളില്‍, പ്രത്യേകിച്ച്‌ പത്ത് വയസ്സില്‍ താഴെയുള്ളവരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.

എന്നാല്‍, ജന്മനാ ഉള്ള ഹൃദയ രോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, കാന്‍സര്‍, ഏതെങ്കിലും തരത്തില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ തുടങ്ങിയവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.കൊവിഡ് -19 ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ ആണ് കുട്ടികളില്‍ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

രണ്ടാം തരംഗത്തില്‍ കുട്ടികളെ കൂടുതലായി കൊവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നുമില്ല. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതിനാല്‍ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളു.

മുതിര്‍ന്നവര്‍ക്ക് രോഗ പ്രതിരോധത്തിനായി കൊവിഡിന് അനുസരിച്ചുള്ള ജീവിതശൈലിയുണ്ട്. എന്നാല്‍, കുട്ടികളെ നമുക്ക് എങ്ങനെ സുരക്ഷിതരാക്കാം?

മുതിര്‍ന്ന കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി കൊവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കൊവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയര്‍) പാലിക്കാം.

രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കുന്നത് റെക്കമന്റ് ചെയ്യുന്നില്ല. രണ്ടു മുതല്‍ അഞ്ച് വരെയുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.അതുകൊണ്ട്, അവര്‍ വീടിനകത്ത് തന്നെ ആയിരിക്കുന്നതാണ് ഉചിതം.

അതേസമയം, കായികമായി മുഴുകുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചയില്‍ ആദ്യ അഞ്ചുവര്‍ഷം നിര്‍ണ്ണായകമാണ്.

മറ്റൊരു പ്രധാനകാര്യം, പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്സീന്‍ സ്വീകരിക്കണം എന്നതാണ്.

മുതിര്‍ന്നവര്‍ സുരക്ഷിതരായാല്‍ കുട്ടികളും സുരക്ഷിതരായി നിലനില്‍ക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്സീന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അവരും വാക്സിന്‍ എടുക്കണം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here