യൂറോ കപ്പിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു; നിറകണ്ണുകളോടെ, പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍ ഗ്യാലറിയില്‍

യൂറോ കപ്പിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണ് മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചത് കാൽപന്ത് കളി ലോകത്തെ ഏറെ ഞെട്ടലിലാക്കിയിരുന്നു. കൊവിഡ് കാല ടൂർണമെൻറിലെ ഈ അത്യപൂർവ്വ രംഗം യുവേഫ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

ഫിൻലണ്ടിനെതിരായ മത്സരത്തിനിടെ ജോക്വം മെഹ്ലെയുടെ ത്രോ സ്വീകരിക്കാന്‍ മുന്നിലേയ്ക്ക് വന്ന ക്രിസ്റ്റ്യന്‍ എറിക്സണ്‍ പൊടുന്നനെ മൈതാനത്ത് കുഴഞ്ഞുവീഴുന്നു. ആരും ഫൗള്‍ ചെയ്തതല്ല, കൂട്ടിയിടിച്ചതുമല്ല. ഓടിയെത്തിയ ക്യാപ്റ്റന്‍ സൈമണ്‍ കിയേര്‍ എറിക്സന്റെ നാവ് ഉള്‍വലിഞ്ഞു പോകാതിരിക്കാന്‍ ശ്രമിക്കുന്നു. നിലത്ത് ബോധരഹിതനായി കിടക്കുന്ന എറിക്സണ്‍. ഗ്യാലറിയില്‍ നിറകണ്ണുകളോടെ, പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍.മൈതാനത്തേയ്ക്കെത്തിയ എറിക്സന്റെ പങ്കാളി സബ്റീനയെ ആശ്വപ്പിച്ച് സഹതാരങ്ങള്‍.

പത്തുമിനിറ്റിന് ശേഷം എറിക്സൺ ആശുപത്രിയിലേയ്ക്ക്.ഏതൊരു കാൽപന്ത് കളി പ്രേമിയുടെയും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു കോപ്പൻഹേഗനിലെ പാർക്കൻസ്റ്റേഡിയത്തിൽ. ഒടുവിൽ എറിക്സൺ അപകടനില തരണം ചെയ്തിരിക്കുന്നുവെന്ന ആശ്വാസ വാർത്തയെത്തി.ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയിൽ വേഗത്തിൽ പുനരുജ്ജീവന ചികിത്സ നൽകിയതാണ് താരത്തിന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായത്.

കാൽപന്ത് കളി മൈതാനങ്ങളിൽ ഇത്തരം സംഭവങ്ങൾ അസാധാരണമല്ലെങ്കിലും പ്രത്യേകിച്ച് കൊവിഡ് കാലമായതിനാൽ ഇത് ഏറെ ഗൗരവത്തോടെയാണ് യുവേഫ കാണുന്നത്. യൂറോ കപ്പിൽ പങ്കെടുക്കുന്ന ടീമുകളിലെ ഏഴ് ശതമാനത്തോളം കളിക്കാർ കൊവിഡ് ബാധയെ തുടർന്ന് ക്വാറൻറീനിലാണ്. സ്പെയിൻ ക്യാപ്ടൻ സെർജിയോ ബുസ് ക്വറ്റ്സ്, പ്രതിരോധ നിര താരം ലോറന്റ എന്നിവർ ഉൾപ്പടെയാണ് കൊവിഡ് ബാധ മൂലം ക്വാറൻറീനിൽ ഉള്ളത്.മത്സരങ്ങൾ ആരംഭിച്ചതിനാൽ കൃത്യമായ വിശ്രമം ഇല്ലാതെ തിരിച്ചു വരാൻ കളിക്കാർ നിർബന്ധിതരാകും.

ഫുട്ബോൾ പോലൊരു മത്സരത്തിൽ ഉയർന്ന ശാരീരിക ക്ഷമത അനിവാര്യമായതിനാൽ കൊവിഡ് ഭേദമായശേഷം തിടുക്കത്തിൽ തിരിച്ചെത്തുന്ന കളിക്കാരെ അത് ശാരീരികമായി ഏറെ ബാധിക്കും. കളിക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതിലേയ്ക്ക് ഇത്തരം പ്രവണതകൾ നയിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ വിലയിരുത്തൽ.ഏതായാലും എറിക്സണിന്റെ കളിക്കളത്തിലെ കുഴഞ്ഞു വീഴൽ യൂറോ കപ്പ് താരങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ യുവേഫ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ https://chat.whatsapp.com/B5e0j5NJGwc6sDC5BRUgFu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News