ദില്ലി അണ്‍ലോക്ക് പ്രക്രിയ: പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

ദില്ലിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചതോടെ എല്ലാ കടകള്‍ക്കും പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. നാളെ പുലര്‍ച്ചെ 5 മണിക്ക് ശേഷം ചില നിയന്ത്രണങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒറ്റ-ഇരട്ട സംവിധാനം ഇതോടെ അവസാനിപ്പിച്ച് സ്ഥാപനങ്ങള്‍ എല്ലാദിവസവും തുറക്കാനും സര്‍ക്കാര്‍ അനുമതിനല്‍കി. ഷോപ്പിംഗ് മാളുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും മറ്റെല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. ട്രയല്‍ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്കാണ് ഈ ഇളവുകള്‍ അനുവദിച്ചത്.
കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും രോഗികളുടെ എണ്ണം വീണ്ടും കുറയുകയാണെങ്കില്‍ ഇളവുകള്‍ തുടരുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് റെസ്റ്റോറന്റുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ദില്ലി മെട്രോയ്ക്കും ബസുകള്‍ക്കും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. ഓട്ടോകള്‍, ഇ-റിക്ഷകള്‍, ടാക്സികള്‍ എന്നിവയില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി.

മതപരമായ സ്ഥലങ്ങള്‍ തുറക്കാന്‍ കഴിയുമെങ്കിലും സന്ദര്‍ശകരെ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. നീന്തല്‍ക്കുളങ്ങള്‍, സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, സിനിമാ തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ അടച്ചിരിക്കും. ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ വിവാഹങ്ങള്‍ അനുവദിക്കില്ല. ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കൂ എന്നും ”മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel