‘ജി 7 ചെറുക്കുക: അന്താരാഷ്ട്ര നീതിക്കായുള്ള ദിനം’; ഉച്ചകോടി നടക്കവേ പലസ്തീന്‍ അനുകൂലികളുടെ കൂറ്റന്‍ റാലി

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ജി 7 ഉച്ചകോടി തുടരവേ ലണ്ടനില്‍ പലസ്തീന്‍ അനുകൂലികളുടെ കൂറ്റന്‍ റാലി. ‘ജി 7 ചെറുക്കുക: അന്താരാഷ്ട്ര നീതിക്കായുള്ള ദിനം’എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലേക്കായിരുന്നു റാലി. പലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

ഇംഗ്ലണ്ട് ഉള്‍പ്പെടയുള്ള ജി 7 രാജ്യങ്ങള്‍ ഇസ്രായേല്‍ നടത്തുന്ന കിരാത നടപടികളോട് മൗനം പാലിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ റാലിയില്‍ പങ്കെടുക്കുകയും പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ‘ഇന്നത്തെ പലസ്തീന്‍ ജനതക്ക് നീതിക്കായുള്ള റാലിയില്‍ ആയുധ വ്യാപാരം അവസാനിപ്പിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ‘ കോര്‍ബിന്‍ ട്വിറ്ററില്‍ കുറിച്ചു. യു കെ നിര്‍മ്മിത ആയുധങ്ങള്‍ കുട്ടികളുള്‍പ്പെടയുള്ള സാധാരണക്കാരെ കൊല്ലുകയാണ്. ഇതവസാനിപ്പിക്കണം’, അദ്ദേഹം കുറിച്ചു.

‘അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണം. പലസ്തീനിലെ സൈനിക നീക്കത്തെ കുറിച്ച്, ഗസ്സയിലെ ഉപരോധത്തെ കുറിച്ച് ഈ നേതാക്കള്‍ സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ കുറ്റകൃത്യത്തില്‍ അവരുടെ പങ്ക് അവസാനിപ്പിക്കണം. ഇസ്രയേലുമായുള്ള ആയുധ കരാറുകള്‍ അവസാനിപ്പിക്കണം’, മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ നേതാവ് റഖാദ് അല്‍ തക്രീതി പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ പതിനൊന്ന് ദിവസം നീണ്ടുനിന്ന ആക്രമങ്ങളില്‍ 66 കുട്ടികളുള്‍പ്പെടെ 253 ഫലസ്തീനികള്‍ കൊല്ലപ്പെടുകയുണ്ടായി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here