കഞ്ചാവ് കേക്ക് വിതരണം ചെയ്ത് ബേക്കറി; കഞ്ചാവ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത് രാജ്യത്ത് ആദ്യമെന്ന് എന്‍ സി ബി

മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)ആണ് ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

എന്‍ സി ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒരു സ്ത്രീ അടക്കം മൂന്ന് പേരെ എന്‍ സി ബി കസ്റ്റഡിയില്‍ എടുത്തു.

ബേക്കറി ജീവനക്കാരനായ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ശനിയാഴ്ച രാത്രി എന്‍ സി ബി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണവുമാണ് ബേക്കറിയിലേക്ക് എത്തിച്ചത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച എന്‍ സി ബി കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.

ബേക്ക് ചെയ്ത പലഹാരങ്ങള്‍, മിഠായികള്‍, ചിപ്സ് അടക്കമുള്ളവ കഞ്ചാവ് കലര്‍ത്തി ഉപയോഗിക്കാറുണ്ടെന്നും അത് തിരിച്ചറിയാന്‍ സാധിച്ചെക്കില്ലെന്നും എന്‍ സി ബി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ബേക്ക് ചെയ്ത പലഹാരങ്ങളും കഞ്ചാവ് അടങ്ങിയവയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഒരാള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും ഇവ അല്പം പച്ചനിറമുള്ളതും നേരിയ കഞ്ചാവ് മണം ഉള്ളതുമായിരിക്കുമെന്നും എന്‍ സി ബി പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News