മില്‍ഖ സിംഗിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖ സിംഗിന്റെ ഭാര്യയും ഇന്ത്യയുടെ മുന്‍ വോളിബോള്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചയായി ചികിത്സയിലായിരുന്നു. 85കാരിയായ നിര്‍മല്‍ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. വൈകിട്ട് 4 മണിക്കായിരുന്നു മരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ നിര്‍മലിന്റെ ആരോഗ്യനില വഷളായിരുന്നു. മില്‍ഖ സിംഗ് നിലവില്‍ കൊവിഡ് ബാധിച്ച് ഐ സി യുവില്‍ ചികിത്സയിലാണ്.

നിര്‍മലിന്റെ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്.

കൊവിഡ് ന്യൂമോണിയ ബാധിച്ചതുമൂലമാണ് മെയ് 26ന് നിര്‍മലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് മാസത്തിലെ മൂന്നാം ആഴ്ചയിലാണ് 91കാരനായ മില്‍ഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ഹോം ഐസൊലേഷനില്‍ ആയിരുന്നു. എന്നാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും നേരിയ തോതില്‍ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ ജീവ് അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News