സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനം: സ്വാഗതം ചെയ്ത് തമിഴ്‌നാട് ബി ജെ പി

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള ഡി എം കെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തമിഴ്‌നാട് ബി ജെ പി. തീരുമാനത്തെ സ്വാഗതം ചെയ്ത് ബി ജെ പി തമിഴ്‌നാട് നേതൃത്വം, പൂജാകര്‍മ്മങ്ങളില്‍ അറിവുള്ളവരെ ക്ഷേത്രങ്ങളില്‍ നിയമിക്കാമെന്നും ഇതിന് വേര്‍തിരിവ് ശരിയല്ലെന്നുമുള്ള നിലപാടിലാണ്. ഹിന്ദുമതത്തില്‍ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി തമിഴ്‌നാട് നേതൃത്വം സ്വാഗതം ചെയ്തു.

കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണ്ണായക തീരുമാനം തമിഴ്‌നാട് സര്‍ക്കാറെടുത്തത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനാണ് തീരുമാനം. ഇതിനായി താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കും. എല്ലാ ജാതിയിലുള്ളവര്‍ക്കും പൂജാരിയാകാം എന്ന നിയമം നടപ്പാക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തമിഴിലും പൂജ നടത്താന്‍ സൗകര്യമൊരുക്കും.

തമിഴ്‌നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്. പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പൂജനടത്താന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് അറിയിച്ച് ഒരു വിഭാഗം ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ആചാരലംഘനത്തിന് വഴിവയ്ക്കുമെന്നും നീക്കത്തില്‍ നിന്ന് പിന്‍മാറമണമെന്നും പരമ്പരാഗത പൂജാരിമാരുടെ സംഘടനയായ ഹിന്ദു റിലീജയസ് ട്രസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണ്ണാ ഡി എം കെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ലിംഗസമത്വം ഉറപ്പ് വരുത്തുമെന്നും നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഡി എം കെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News