യൂറോ കപ്പ് ഫുട്‌ബോളില്‍ നെതര്‍ലണ്ട്‌സിനും ഇംഗ്ലണ്ടിനും ഓസ്ട്രിയയ്ക്കും ജയം

യൂറോ കപ്പ് ഫുട്‌ബോളില്‍ നെതര്‍ലണ്ട്‌സിനും ഇംഗ്ലണ്ടിനും ഓസ്ട്രിയയ്ക്കും ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. നെതര്‍ലണ്ട്‌സ് ഉക്രെയ്‌നെയും ഓസ്ട്രിയ വടക്കന്‍ മാസിഡോണിയയെയും പരാജയപ്പെടുത്തി.

വെംബ്ലിയില്‍ ഇംഗ്ലണ്ട് ദുഷ്‌പേര് മായ്ച്ചു കളഞ്ഞപ്പോള്‍ ഹീറോ ആയത് മധ്യനിരയില്‍ നിറഞ്ഞു കളിച്ച കാല്‍വിന്‍ ഫിലിപ്‌സാണ്. തുല്യശക്തികളുടെ പോരില്‍ രണ്ടാം പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോള്‍. അമ്പത്തിയേഴാം മിനുട്ടില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ കീറിമുറിച്ച് കാല്‍വിന്‍ ഫിലിപ്‌സ് നല്‍കിയ അതി മനോഹരമായ പാസ് റഹിം സ്റ്റര്‍ലിങ്ങ് ഗോളിലേക്ക് തിരിച്ചുവിട്ടു.

യൂറോക്കപ്പ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിനായി ജഴ്‌സിയണിഞ്ഞ ജൂഡ് ബെല്ലിങ്ങ്ഹാം സ്വന്തമാക്കി. 17 വയസും 349 ദിവസവും ആയിരുന്നു റെക്കോര്‍ഡിട്ടപ്പോള്‍ ബെല്ലിങ്ങ്ഹാമിന്റ പ്രായം. ആന്ദ്രേ ഷെവ്‌ചെങ്കോ പരിശീലിപ്പിച്ച ഉക്രെയ്‌നെതിരെ ഓറഞ്ച് പട കെട്ടഴിച്ചത് മിന്നും പ്രകടനമാണ്.

മെംഫിസ് ഡീപ്പെയും വിനാള്‍ഡവും ഡി ജോങ്ങും ബ്ലിന്‍ഡുമെല്ലാം കളം നിറഞ്ഞ് കളിച്ചപ്പോള്‍ ആംസ്റ്റര്‍ഡാമിലെ ഗ്രൗണ്ട് വേദിയായത് ഓറഞ്ച് വസന്തത്തിനാണ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം വിനാള്‍ഡത്തിലൂടെയും വെഗോസ്റ്റിലൂടെയും രണ്ട് ഗോളിന്റെ ലീഡ് നേടിയ നെതര്‍ലണ്ട്‌സിനെ തുടരെ രണ്ടു ഗോള്‍ മടക്കി ഉക്രെയ്ന്‍ ഞെട്ടിച്ചു. ആദ്യ പകുതിയില്‍ ഗോളവസരങ്ങള്‍ തുലച്ചതിന്റെ പ്രായശ്ചിത്തമായി എണ്‍പത്തി അഞ്ചാം മിനുട്ടില്‍ ഡെംഫ്രിസിന്റെ ഗോളില്‍ ഓറഞ്ച് പട വീണ്ടും മുന്നില്‍.

പ്രതിരോധം ഉറച്ച് നിന്ന് പൊരുതിയതോടെ വിജയം ഓറഞ്ച് പടയ്ക്ക് സ്വന്തം. ഗ്രൂപ്പ് സിയില്‍ ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വടക്കന്‍മാസിഡോണിയയെ തകര്‍ത്തു. കളിയില്‍ ആദ്യാവസാനം മേധാവിത്വം പുലര്‍ത്തിയത് ഡേവിഡ് അലാബ നയിച്ച ഓസ്ട്രിയയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുക ഖ്യം ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു. രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകളിലൂടെ ഓസ്ട്രിയ വിജയം ഉറപ്പിച്ചു. വിജയത്തോടെ മൂന്ന് പോയിന്റുമായി ഓസ്ട്രിയയും നെതര്‍ലണ്ട്‌സും ഗ്രൂപ്പ് സിയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്.
വ്യാഴാഴ്ചയാണ് നെതര്‍ലണ്ട്‌സ് – ഓസ്ട്രിയ പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here