കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്; പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാകുന്നു, 60 കഴിഞ്ഞവരെ പരിഗണിച്ചേക്കില്ല

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാവുന്നു. 19 ന് കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ഒരുങ്ങുന്നത്. മൂന്ന് വനിതാ ഡിസിസി അധ്യക്ഷമാരെ തീരുമാനിച്ചേക്കും എന്നും സൂചന. ഗ്രൂപ്പുകളുമായി പ്രാഥമിക ചര്‍ച്ച നടത്തിയ ശേഷം ഡിസിസികള്‍ പുനസംഘടിപ്പിക്കാനാണ് പുതിയ കെപിസിസി അധ്യക്ഷനൊരുങ്ങുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം നടത്തുകയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ ആദ്യം ആലോചിക്കുന്നത്. 19 ന് കേരളത്തിലെത്തുന്ന താരിഖ് അന്‍വര്‍ അടക്കമുളള ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ പേരുകള്‍ അവതരിപ്പിക്കണം എന്നാണ് ആലോചിക്കുന്നത്. ഡിസിസി അധ്യക്ഷന്‍മാരായി 60 കഴിഞ്ഞവരെ പരിഗണിച്ചേക്കില്ല. അന്തിമ തീരുമാനം ഹൈക്കമാന്‍ഡുമായുളള ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എടുക്കുക. മൂന്ന് ജില്ലകളിലെങ്കിലും ഡിസിസി അധ്യക്ഷയായി വനിതകളെ പരിഗണക്കണമെന്നാണ് ഹൈക്കമാന്‍ഡ് താല്‍പര്യമെന്നറിയുന്നു.

ബിന്ദു കൃഷ്ണക്ക് ഒരു അവസരം കൂടി കൊടുക്കണോ എന്ന കാര്യം മറ്റ് പരിഗണനക്ക് ശേഷമാണ് തീരുമാനിക്കുക. തൃശൂരില്‍ പദ്മജ വേണുഗോപാലിനെയും, കോഴിക്കോട് വിദ്യാ ബാലകൃഷ്ണന്റെയും, ആലപ്പുഴയില്‍ ഷാനിമോള്‍ ഊസ്മാന്റെയും എറണാകുളത്ത് ദിപ്തി മേരി വര്‍ഗ്ഗീസിന്റെയും, കണ്ണൂരില്‍ സുമാ ബാലകൃഷ്ണന്റെയും പേരുകള്‍ പരിഗണനയിലുണ്ട. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നിയോഗിച്ച കോഴിക്കോട് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റണമോ എന്ന കാര്യവും പ്രഥമിക ചര്‍ച്ചയിലുണ്ട് .

തൃശൂര്‍ , കോഴിക്കോട് അധ്യക്ഷന്‍മാര്‍ മാറുന്നില്ലെങ്കില്‍ വനിതാ പ്രതിനിധ്യം ഉറപ്പാക്കാന്‍ ബിന്ദു കൃഷ്ണ തുടരാനാണ് സാധ്യത. എംഎല്‍എ, എം പി എന്നീ പദവികള്‍ വഹിക്കുന്നവരെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് 19 ലെ ചര്‍ച്ചക്ക് ശേഷമെ അറിയു.എ -ഐ ഗ്രുപ്പുകളുടെ താല്‍പര്യങ്ങളെ വെട്ടി നിരത്തുന്നതാവും പട്ടികയെന്നാണ് സൂചന.

സമരങ്ങള്‍ അടക്കം നടത്തേണ്ട ജില്ലയെന്ന നിലയില്‍ തിരുവനന്തപുരത്ത് കെ സുധാകരന്റെ താല്‍പര്യം ഉളള ആളിനാവും നറുക്ക് വീഴുക എം വിന്‍സെന്റ് , കെ എസ് ശബരിനാഥന്‍ , ശരത്ത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ് ,ചെമ്പഴന്തി അനില്‍, ജെ എസ് അഖില്‍, ആര്‍ വി രാജേഷ്, എന്നീവരുടെ പേരുകള്‍ ആണ് ജില്ലയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

കൊല്ലത്ത് ബിന്ദു കൃഷ്ണ, സി ആര്‍ മഹേഷ്, പിസി വിഷ്ണുനാഥ്, ജി രതികുമാര്‍ , ഏഴുകോണ്‍ നാരായണ്‍, ജ്യോതി കുമാര്‍ ചാമക്കാല, ആര്‍ എസ് അരുണ്‍ രാജ് ,ആലപ്പുഴയില്‍ ഷാനി മോള്‍ ഊസ്മാന്‍ ,കെ സി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ മേഘനാഥന്‍ എന്നിവരും പരിഗണിക്കുന്നു.

പത്തനംതിട്ട സതീഷ് കൊച്ചുപറമ്പില്‍ , എ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, റോബിന്‍പീറ്റര്‍,അനീഷ് വെരിക്കണമല,പഴകുളം മധു, കോട്ടയത്ത് ജോസി സെബാസ്റ്റന്‍, യൂജിന്‍ തോമസ് , ഫില്‍സണ്‍ തോമസ് എന്നീവരേയും ഡിസിസി അധ്യക്ഷന്‍മാരായി പരിഗണിക്കുന്നുണ്ട്.

ഇടുക്കിഅഡ്വ. എസ് അശോകന്‍, എം എന്‍ ഗോപി, സേനാപതി വേണു ഇവരില്‍ ആര്‍ക്കെങ്കിലും ആവും നറുക്ക് വീഴുക.എറണാകുളത്ത് മുഹമ്മദ് ഷിയാസ്, എംആര്‍ അഭിലാഷ്, ദീപ്തി മേരി വര്‍ഗ്ഗീസ്, എല്‍ദോസ് കുന്നപളളി, തൃശൂര്‍ എം പി വിന്‍സെന്റ് ,അനില്‍ അക്കര, പാലക്കാട് എ വി ഗോപിനാഥ്, വിടി ബലറാം, സിപി മുഹമ്മദ് എന്നീവരും, മലപ്പുറത്ത് വി. ബാബുരാജ്, പിടി അജയമോഹന്‍, വിഎ കരീം എന്നീവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് രാജീവന്‍ മാസ്റ്റര്‍ ,വിദ്യ ബാലകൃഷ്ണന്‍ , കെ പി അനില്‍കുമാര്‍ എന്നീവരില്‍ ആര്‍ക്കെങ്കിലുമാവും സാധ്യത.

കണ്ണൂരില്‍ സുമാ ബാലകൃഷ്ണന്‍ ,മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സോണി സെമ്പാസ്റ്റന്‍ എന്നീ പേരുകള്‍ ആണ് പരിഗണയില്‍. വയനാട് പിഡി സജി, ടി ജെ ഐസക്ക് , വിനയന്‍ എന്നീ പേരുകളും,കാസര്‍ഗോഡ് നീലകഠ്ണന്‍ , പെരിയ ബാലകൃഷ്ണന്‍ എന്നീ പേരുകളുമാണ് പരിഗണിക്കുക. 19 ന് കേരളത്തിലെത്തുന്ന താരിഖ് അന്‍വര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ആവും ഈകാര്യത്തില്‍ നിര്‍ണ്ണായകമാവുക. പതിവ് പോലെ കെസി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നീവരുടെ മൂവര്‍ സംഘത്തിന്റെ തീരുമാനം ആവും നടപ്പിലാകാന്‍ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News