കോപ്പ അമേരിക്ക; ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം. നാളെ പുലര്‍ച്ചെ 2:30 ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ചിലിയാണ് ആല്‍ബിസെലസ്റ്റകളുടെ എതിരാളി. 5.30ന് നടക്കുന്ന മത്സരത്തില്‍ പാരഗ്വായ് ബൊളീവിയയെ നേരിടും.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അഭിമാന പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ ലയണല്‍ സ്‌കലോണിയുടെ സംഘത്തെ ആശങ്കപ്പെടുത്തുന്നത് സ്ഥിരതയില്ലാത്ത പ്രകടനമാണ്. പ്രതിരോധത്തിലും മധ്യനിരയിലും പ്രശ്‌നങ്ങള്‍ സര്‍വ്വത്ര. യുവതാരങ്ങളാല്‍ സമ്പന്നമാണ് ടീം. പ്രധാന താരങ്ങളില്‍ ചിലര്‍ പരുക്കിന്റെ പിടിയിലായതും നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകങ്ങളിലൊന്ന് മാത്രം.

ലയണല്‍ മെസിക്ക് ഇതേ വരെ കോപ്പ അമേരിക്കയില്‍ മുത്തമിടാനായിട്ടില്ല. 1993 ലാണ് അവസാനമായി അര്‍ജന്റീന ടീം കപ്പുയര്‍ത്തിയത്. നായകനും കാല്‍പന്ത് കളിയിലെ മിശിഹയുമായ മെസിയുടെ മാസ്മരിക പ്രകടനങ്ങളിലാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍.

എതിരാളികളായ ചിലി നിസ്സാരക്കാരല്ല. പരിചയസമ്പന്നരായ ഒട്ടേറെ കളിക്കാര്‍ ടീമിലുണ്ട്. വിദാലും അലക്‌സിസ് സാഞ്ചെസും വര്‍ഗാസും മെഡലും ഇസ്ലയുമാണ് ക്ലോഡിയോ ബ്രാവോ നയിക്കുന്ന ടീമിലെ പ്രധാനികള്‍. 2015 ലും 2016 ലും കപ്പെടുത്ത ടീം കൂടിയാണ് മാര്‍ട്ടിന്‍ ലാസര്‍റ്റെ പരിശീലകനായ ചിലി ടീം .

പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ പാരഗ്വായിക്ക് ബൊളീവിയയാണ് എതിരാളി. അട്ടിമറിക്ക് കെല്‍പ്പുള്ള പാരഗ്വായി ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇതേ വരെ പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനമാണ്. ഗുസ്താവോ തോമസ് നയിക്കുന്ന ടീമില്‍ വമ്പന്‍ പേരുകാര്‍ കുറവാണ്.

1979ലാണ് ടീം അവസാനമായി കോപ്പ നേടിയത്. അതേ സമയം ഗ്രൂപ്പ് ബിയില്‍ കറുത്ത കുതിരകളാകാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ബൊളീവിയ.ഏതായാലും ടീമുകളെല്ലാം കോപ്പയിലെ ആദ്യ വിജയത്തിനായി കോപ്പ് കൂട്ടുമ്പോള്‍ അതിവാശിയേറിയ മത്സരങ്ങള്‍ക്കാണ് ബി ഗ്രൂപ്പ് അക്ഷരാര്‍ത്ഥത്തില്‍ വേദിയാവുക.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel