സിസ്റ്റർ ലൂസി കളപ്പുര നൽകിയ മൂന്നാമത്തെ അപ്പീലും വത്തിക്കാൻ തള്ളി

എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ മൂന്നാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. തന്‍റെ ഭാഗം കേൾക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യൻ പൗരയെന്ന നിലയിൽ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ്‌ ലൂസി കളപ്പുരയുടെ പ്രതികരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റർ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതു മുതൽ കോൺവെന്‍റിൽ പ്രശ്നങ്ങളുണ്ടായി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി. സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് സിസ്റ്റർ ലൂസിയെ സന്യാസസഭയിൽ നിന്ന്‌ 2019 ൽ പുറത്താക്കിയത്‌‌.

ഇതിനെതിരെയാണ്‌ സിസ്റ്റർ ആദ്യം എഫ്‌ സി സി അധികൃതർക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീൽ നൽകിയത്. രണ്ട്‌ തവണ വത്തിക്കാനിൽ അപ്പീൽ നൽകിയിട്ടും അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിൽ മൂന്നാം തവണയും സിസ്റ്റർ ലൂസി കളപ്പുര
വത്തിക്കാനെ സമീപിച്ചിരുന്നു. ഈ അപേക്ഷയും തള്ളിയ അറിയിപ്പാണ്‌ ഇപ്പോൾ സിസ്റ്ററിന്‌ ലഭിച്ചിരിക്കുന്നത്‌.

തന്റെ ഭാഗം കേൾക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യൻ പൗരയെന്ന നിലയിൽ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ്‌ ലൂസി കളപ്പുരയുടെ പ്രതികരണം. മൂന്ന് പ്രാവശ്യം ‍ അപേക്ഷ നല്‍കിയിട്ടും വത്തിക്കാന്‍ ഒരു പ്രതിനിധിയെ വെച്ചു പോലും തന്റെ ഭാഗം കേട്ടിട്ടില്ല.

വിധി വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ കത്ത് തനിക്ക്‌ കിട്ടുന്നതെന്നും ലൂസി കളപ്പുര പറഞ്ഞു. മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ ലൂസി കളപ്പുര നൽകിയ കേസ് നിലനില്‍ക്കുന്നുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News