അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്‍റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം; 2 കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി രൂപയ്ക്ക് വാങ്ങി

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 2 കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഇടനിലക്കാരായി. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ട്രസ്റ്റിന്റെ വിശദീകരണം.

പ്രാദേശിക ബി ജെ പി നേതാക്കളുടേയും രാമജന്മഭുമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലൂടെ 2 കോടി രൂപ വിലയുള്ള ഭൂമി 18 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് സമാജ് വാദി പാര്‍ട്ടിയും എ.എ.പിയും ഉന്നയിക്കുന്ന ആരോപണം.

ഇടനിലക്കാരെ കൊണ്ട് 2 കോടി രൂപയ്ക്ക് ഒരു വ്യക്തിയില്‍ നിന്ന് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ട്രസ്റ്റിന് വില്‍ക്കുകയായിരുന്നെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാക്കളും ചില ട്രസ്റ്റ് അംഗങ്ങളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

5.8 കോടിയോളം ന്യായവില വരുന്ന 3 എക്കര്‍ സ്ഥലം 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും 5 മിനിറ്റിനുള്ളില്‍ ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുകയും ചെയ്തതായാണ് വിമര്‍ശനം. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആളുകള്‍ തന്നെയാണ്.

രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്ര, അയോധ്യയിലെ ബിജെപി നേതാവും മേയറുമായ റിഷികേശ് ഉപാധ്യായ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചമ്പത് റായി എന്നിവരുടെ അറിവോടെയാണ് ഇടപാട് നടന്നതെന്നാണ് വിമര്‍ശനം. മാര്‍ച്ച് മാസത്തില്‍ നടന്ന ഇടപാടില്‍ സി.ബി ഐ അന്വേഷണം നടത്തണമെന്നും പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

എ എ പി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംങ്ങും സമാനമായ ആരോപണം ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തി. ശ്രീരാമന്റെ പേരില്‍ സംഭാവന പിരിച്ച് അഴിമതി നടത്തുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ആരോപണം ട്രസ്റ്റ് തള്ളിക്കളഞ്ഞു. ഭൂമിക്ക് ന്യായവില നിശ്ചയിച്ചിട്ടുണ്ടെന്നും അതുപ്രകാരമാണ് എല്ലാവരില്‍ നിന്നും ഭൂമി വാങ്ങിയതെന്നും ട്രസ്റ്റ് വാര്‍ത്താ കുറപ്പില്‍ അറിയിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ട്രസ്റ്റ് കുറ്റപ്പെടുത്തി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News