മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി എന്‍.എ.നെല്ലിക്കുന്ന്: മത്സരിക്കാതിരിക്കാന്‍ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ബി.ജെ.പി നേതാക്കള്‍ പണം നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് ബി.ജെ.പി.നേതാക്കൾ പണം നൽകിയെന്ന് കാസർഗോഡ് എം.എൽ.എ- എൻ.എ. നെല്ലിക്കുന്ന്.രണ്ട് ലക്ഷം രൂപയാണ് കോഴയായി നൽകിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതായി എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു.

കാസർഗോഡ് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തിൽ പണം നൽകിയതെന്നാണ് ആരോപണം.വോട്ടെടുപ്പിന്റെ തലേദിവസം രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ ഈ വാർഡുകളിലെത്തി കോഴ നൽകിയെന്നാണ് ആരോപണം. ഇതുശ്രദ്ധയിൽപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും എം.എൽ.എ. പറഞ്ഞു.

ബി.ജെ.പിയിലെ പ്രാദേശിക നേതാക്കൾ തന്നെയാണ് കോഴ നൽകാൻ വീടുകൾ സന്ദർശിച്ചതെന്നും പരാതിയിൽ പറയുന്നു.നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതിൽ നിന്ന് പിൻമാറുന്നതിനായി ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദരയ്ക്കും ബി.ജെ.പി. പണം നൽകിയ വാർത്തകൾ പുറത്തുവന്നിരുന്നു.

രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നൽകിയതെന്ന് സുന്ദര നേരത്തെ സംഘത്തോട് പറഞ്ഞിരുന്നു.അതേസമയം, കൊടകര കള്ളപ്പണക്കേസിൽ കെ സുരേന്ദ്രനെതിരെ വിമർശനവുമായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കൾ ഏറ്റെടുക്കേണ്ടതില്ലെന്നും കോർകമ്മിറ്റി യോഗത്തിൽ കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടു.

കൊടകര വിവാദം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂർണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തിൽ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ കീഴ്ഘടകങ്ങൾ മുതൽ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം മുതൽ പാളിയെന്നും വിമർശനമുയർന്നു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തോൽവിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News