എക്‌സെല്ലെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാര പട്ടികയില്‍ മലയാളി പെണ്‍കുട്ടി

ബ്രിട്ടീഷ് പരമോന്നത ബഹുമതികളിൽ ഒന്നായ ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാര പട്ടികയിൽ മലയാളി പെൺകുട്ടിയും. കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലയിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് പത്തനംതിട്ട സ്വദേശികളായ നിഷ കിഷോർ ദമ്പതികളുടെ മകളായ അംബിക ജോർജ്ജിനെ തേടിയെത്തിയിരിക്കുന്നത്.

യുകെയിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ആർത്തവ കാല ശുചിത്വ ഉൽപന്നങ്ങൾ സൗജന്യമാക്കുന്നതിന് സർക്കാറിനെ പ്രേരിപ്പിച്ച ക്യാമ്പയിന് നേതൃത്വം നൽകിയതിനാണ് 21 കാരിയെ അംഗീകാരം തേടിയെത്തിയത്.

കേംബ്രിഡ്ജ് സർവകലാശാലയിലെ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ് അംബിക ജോർജ്ജ്. തന്റെ 17-ാം വയസ്സിലാണ് വിദ്യാർത്ഥികൾ ആർത്തവകാലത്ത് നേരിടുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഫ്രീപീരിയഡ്‌സ് എന്ന ക്യാമ്പയിൻ ആരംഭിക്കുന്നത്.

ആർത്തവ കാല ഉത്പന്നങ്ങളുടെ ലഭ്യത കുറവും, ഇവ സ്വന്തമാക്കാനുള്ള സാമ്പത്തിക പിന്നോക്കാവസ്ഥയും മൂലം നിരവധി കുട്ടികൾക്ക് സ്‌കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപെട്ടതിന് ശേഷമാണ് അംബിക ഇത്തരം ഒരു ക്യാമ്പയിനുമായി മുന്നോട്ട് വരുന്നത്.

നിരവധി നിവേദനങ്ങളും മന്ത്രിമാരുൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ഒടുവിലായിരുന്നു ഇക്കാര്യം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞത്. പിന്നാലെ 2020 ൽ ആണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ ഉത്പന്നങ്ങൾ സൗജന്യമാക്കുന്നതും. ഇതിന് വേണ്ടി പ്രവർത്തിച്ച ഫ്രീ പിരീയഡ്‌സ് ഇന്ന് ഒരു എൻജിഒ എന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിട്ടുണ്ട്. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾക്കും പ്രചാരണങ്ങൾക്കും എതിരായി പ്രവർത്തിച്ച് വരികയാണ് സംഘടന.

അതേസമയം, ഇന്ത്യൻ വംശജയായ താൻ യുകെയുടെ പരമോന്നത ബഹുമതികളിൽ ഒന്നിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കുന്ന അംബിക പക്ഷേ ഇതിലേക്കുള്ള വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ‘ബ്രിട്ടീഷ് സാമ്രാജ്യവും ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലും യുകെയുടെ ഭരണ സംവിധാനത്തിൽ അംഗീകരിക്കപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നാണ് അംബിക ജോർജിന്റെ നിലപാട്.

ഞങ്ങൾ ഉയർത്തുന്ന വിഷയത്തിൽ ചെറുപ്പക്കാരുടെ പിന്തുണയുണ്ടെന്ന് കാണിക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും രാഷ്ട്രീയ ഇടങ്ങളിൽ അവഗണിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനായി ഞങ്ങൾ സാവധാനം അംഗീകരിക്കപ്പെടുകയായിരുന്നു എന്നാണ് ദ മോസ്റ്റ് എക്‌സെല്ലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം ചൂണ്ടിക്കാട്ടുന്നത് എന്നും അംബിക പറയുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News