ലോക് ജനശക്തി പാർട്ടിയിൽ പൊട്ടിത്തെറി: ചിരാഗ് പസ്വാനെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍

ലോക് ജനശക്തി പാർട്ടി എംപിമാരായിരിക്കെത്തന്നെ തങ്ങളെ പ്രത്യേക ബ്ലോക്കായി കണക്കാക്കണമെന്ന് കാട്ടി എൽജെപിയുടെ അഞ്ച് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ലോക് ജനശക്തി പാർട്ടിക്ക് ചിരാഗ് പസ്വാനുൾപ്പടെയുള്ള ആറ് എംപിമാൽ അഞ്ച് പേരാണ് ചിരാഗിനെ മാറ്റി നിർത്തി വേറെ ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചത്.

ചിരാഗിൻറെ പിതൃസഹോദരൻ പശുപതി കുമാർ പരസിൻറെ നേതൃത്വത്തിലാണ് നീക്കം. രാംവിലാസ് പസ്വാന്റെ മരണശേഷം ഇരുവരും തമ്മിൽ ഉണ്ടായിരുന്ന കലഹം മൂർച്ഛിച്ച് ഒടുവിൽ പിളർപ്പിലെത്തുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

എന്നാൽ എൽജെപിയിലെ ഈ പൊട്ടിത്തെറി ആസൂത്രണം ചെയ്തത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്നാണ് റിപ്പോർട്ടുകൾ. ഹാജിപുരിൽനിന്നു എംപിയായ പരസിന് നിതീഷ് കുമാർ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചന .അടുത്ത അനുയായിയായ ലലൻ സിങ്ങ് വഴിയാണ് മറ്റ് എംപിമാരുമായി നിതീഷ് ധാരണയിലെത്തിയത്.

ചിരാഗിന്റെ ബന്ധുവായ പ്രിൻസ് രാജ്, ചന്ദൻ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസർ എന്നിവരാണ് പരസിനു പുറമേ പാർട്ടിവിട്ടത്.
രാംവിലാസ് പസ്വാന്റെ മരണശേഷം കഴിഞ്ഞ വർഷമാണ് ചിരാഗ് എൽജെപി നേതൃസ്ഥാനം ഏറ്റെടുത്തത്. ബിഹാർ തിരഞ്ഞെടുപ്പ് വേളയിൽ എൻഡിഎ വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തിയത് നിതീഷിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയായിരുന്നു.

തെരഞ്ഞെടുപ്പിൽ ബിജെപിക്കും പ്രതിപക്ഷമായ ആർജെഡിക്കും പിന്നിൽ മൂന്നാമതായിരുന്നു ജെഡിയുവിന്റെ സ്ഥാനം. ഇതിന്റെ പ്രതികാരമാണ് എംപിമാരെ ഒപ്പം ചേർത്ത് ചിരാഗിനെ ഒറ്റപ്പെടുത്താനുള്ള നിതീഷിന്റെ നീക്കത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News