ബി ജെ പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍; ഹരിയാനയില്‍ കര്‍ഷക പ്രതിഷേധം

ഹരിയാനയില്‍ ബി ജെ പി ഓഫീസ് നിര്‍മിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം. ഓഫീസിന് തറക്കല്ലിട്ട് മണിക്കൂറുകള്‍ പിന്നിടവെയാണ് അവ ഇളക്കി മാറ്റിയത്. പുതിയ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ തറക്കല്ല് ഇളക്കി മാറ്റിയത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ഒ പി ധന്‍കറാണ് കഴിഞ്ഞ തിങ്കളാഴ്ച പാര്‍ട്ടി ഓഫീസിന് തറക്കല്ലിട്ടത്. സ്ത്രീകളടക്കം നിരവധി പേരാണ് കറുത്ത കൊടികളുമേന്തി സംഭവസ്ഥലത്ത് എത്തിയത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

രാവിലെ പത്ത് മണിക്കായിരുന്നു ബി ജെ പിയുടെ പരിപാടി നടക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെ ഭയന്ന് ബി ജെ പി പ്രവര്‍ത്തകര്‍ നേരത്തെ വന്ന് തറക്കല്ലിടുകയായിരുന്നു. ‘ഞങ്ങളുടെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ അത് നീക്കം ചെയ്തു,’ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. അതേസമയം തറക്കല്ല് പിഴുത് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാനത്ത് ബി ജെ പി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലൊക്കെ നിരവധി കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here