കോപ്പ അമേരിക്ക: ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ലയണല്‍ മെസ്സിയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് അര്‍ജന്റീന ചിലിയോട് സമനില വഴങ്ങിയത്. ശനിയാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

കോപ്പയില്‍ ചിലിയോടേറ്റ തോല്‍വികള്‍ക്ക് കോപ്പയിലൂടെ തിരിച്ചടി നല്‍കാന്‍ മെസ്സിപ്പടയ്ക്കായില്ല. ആരാധകരെ നിരാശയിലാഴ്ത്തിയ പ്രകടനം പുറത്തെടുത്ത അര്‍ജന്റീനയ്ക്ക് സമനിലയോടെ തുടക്കം. ആദ്യ പകുതിയില്‍ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ച അര്‍ജന്റീന രണ്ടാം പകുതിയില്‍ തീര്‍ത്തും നിറം മങ്ങി. ലോസെല്‍സോയെ ചിലിയുടെ പ്രതിരോധ നിരക്കാരന്‍ എറിക്ക് പള്‍ഗര്‍ ഫൗള്‍ ചെയ്തതിന് മുപ്പത്തിമൂന്നാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് ഫ്രീ കിക്ക്. ലയണല്‍ മെസിയെടുത്ത കിക്ക് ചിലിയന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ നിസ്സഹായനാക്കി വലയില്‍.

ഈ ഫ്രീ കിക്ക് ഗോളോടെ മെസിയുടെ രാജ്യാന്തര ഗോള്‍ നേട്ടം 73 ആയി. ലൗട്ടാരോ മാര്‍ട്ടിനെസും നിക്കോളാസ് ഗോണ്‍സാലെസും ലോസെല്‍സോയും ആദ്യ പകുതിയില്‍ മെസിക്ക് പിന്തുണ നല്‍കിയപ്പോള്‍ അര്‍ജന്റീന ഒന്നിലേറെ തവണ ഗോളിനരികിലെത്തി. രണ്ടാം പകുതിയില്‍ ചിലിക്കായിരുന്നു മുന്‍തൂക്കം. അര്‍ട്ടൂറോ വിദാലിനെ അര്‍ജന്റീന പ്രതിരോധ നിരക്കാരന്‍ ടഗ്ലിയാഫിക്കോ ഫൗള്‍ ചെയ്തതിന് 57 ആം മിനുട്ടില്‍ ചിലിക്ക് അനുകൂലമായി പെനാല്‍റ്റി. വിദാലിന്റ കിക്ക് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടീനെസ് തട്ടിയകറ്റിയെങ്കിലും ഓടിയെത്തിയ വര്‍ഗാസ് അത് വലയിലെത്തിച്ചു.

അര്‍ട്ടൂറോ വിദാലും വര്‍ഗാസും കളം നിറഞ്ഞ് കളിച്ചപ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. മെസിയുടെ മാന്ത്രികച്ചുവടുകള്‍ ഗോള്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ചിലിയന്‍ പ്രതിരോധവും ഗോളി ക്ലോഡിയോ ബ്രാവോയും അവസരത്തിനൊത്ത് ഉയര്‍ന്ന് വിഫലമാക്കി. പകരക്കാരെ ഇറക്കിയുള്ള ലയണല്‍ സ്‌കലോണിയുടെ അവസാന മിനുട്ടുകളിലെ തന്ത്രവും ലക്ഷ്യം കണ്ടില്ല. സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരാളി ഉറുഗ്വായാണ്. ശനിയാഴ്ച പുലര്‍ച്ചെ 5:30നാണ് മത്സരം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News