ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.ആനന്ദബോസ്: കേരളത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെയും വെച്ചിട്ടില്ലെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി. ആനന്ദബോസ്.കേരളത്തിലെ ബി.ജെ.പിയെക്കുറിച്ച് താൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സി.വി. ആനന്ദബോസ് പറഞ്ഞത്.ഒരു ദേശീയ മാധ്യമത്തോടായിരുന്നു സി.വി. ആനന്ദബോസിന്റെ പ്രതികരണം.

സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ നിയോഗിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നായിരുന്നു പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞത്.

ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ചില വ്യക്തികൾ അത്തരത്തിൽ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മാധ്യമ വാർത്തകളും വന്നിരുന്നു. എന്നാൽ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനും പാർട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാൽ മൂന്നംഗ സമിതിയെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാൻ തയ്യാറാകണമെന്നും അരുൺ സിംഗ് പറഞ്ഞു.

സി.വി. ആനന്ദബോസും, ജേക്കബ് തോമസും റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് നൽകിയതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. സി.വി. ആനന്ദബോസ് തയ്യാറാക്കി നൽകിയ റിപ്പോർട്ടിൽ സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതിലടക്കം പ്രാദേശിക-സംസ്ഥാന നേതാക്കൾക്കുള്ള അഭിപ്രായങ്ങളും പരാതികളും പ്രതിപാദിച്ചിരുന്നതായും വാർത്തകളുണ്ടായിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News