ആശുപത്രികൾ സുരക്ഷിത മേഖലകൾ ആവണം; രക്ഷകരെ സംരക്ഷിക്കുക; ; ജൂൺ 18 ദേശീയ പ്രതിഷേധ ദിനം

അടുത്തകാലത്തായി ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ൾ അധികരിച്ചു വരികയാണ്. കൊവിഡ് മഹാമാരിയിൽ രോഗി പരിചരണത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ ആണ് ഇന്ന് അക്രമങ്ങൾ അരങ്ങേറുന്നത്. ആസാമിലും കർണാടകത്തിലും തമിഴ്നാട്ടിലും ഒക്കെ ഡോക്ടർമാരെ തല്ലിച്ചതയ്ക്കുന്ന കാഴ്ചകൾ നാം കാണുമ്പോഴും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് സമീപ കാല സംഭവങ്ങൾ തെളിയിക്കുന്നത്.

മാവേലിക്കര ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഡോക്ടറുടെ കരണത്തടിച്ച നീതിപാലകനേ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ മടികാണിക്കുന്ന അവസ്ഥ നിലവിലുണ്ട്. തെളിവുകൾ സഹിതം, ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ ഫയൽ ചെയ്തിട്ടു പോലും ഒരു മാസത്തിലേറെയായി പ്രസ്തുത പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്. മനസ്സമാധാനത്തോടെ രോഗികളെ പരിശോധിക്കാൻ ചികിത്സിക്കാൻ സാധിക്കാത്ത ഒരു അന്തരീക്ഷം ഇന്ന് കേരളത്തിലെ ആശുപത്രികളിൽ നിലനിൽക്കുന്നു. ഇത്തരമൊരു അരക്ഷിതാവസ്ഥ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല.

അടികൊള്ളാൻ മാത്രമായി ജോലി ചെയ്യാൻ ഞങ്ങൾ തയ്യാറല്ലെന്ന് ഇത്തരുണത്തിൽ സർക്കാരിനെ ഓർമ്മിപ്പിക്കുകയാണ്. ശക്തമായ ഒരു ആശുപത്രി സംരക്ഷണ നിയമം നിലവിൽ ഉണ്ടായിട്ടും മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ല. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുകയെ ഇതിനൊരു മർഗ്ഗമുള്ളൂ.

അതുപോലെതന്നെ സർക്കാർ സുരക്ഷാസംവിധാനങ്ങൾ, പോലീസ് ഔട്ട്പോസ്റ്റ് അടക്കം എല്ലാ ആശുപത്രികളിലും ഉണ്ടായേ മതിയാവൂ. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടതാണ്, അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥൻ മാർക്കെതിരെ കർശന നടപടികൾ എടുക്കുകയും വേണം.

കൊവിഡ് മഹാമാരി വരുത്തിവെച്ചിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങൾ അതുകൊണ്ടുതന്നെ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെ ഈ വരുന്ന വെള്ളിയാഴ്ച ജൂൺ 18 ആം തീയതി അഖിലേന്ത്യാ വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്.

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ എല്ലാ സഹോദര സംഘടനകളുമായി ഒത്തു ചേർന്ന്, കേരളത്തിലെ എല്ലാ ആശുപത്രികളിലും ഒപ്പം ജില്ലാ, സംസ്ഥാന തലസ്ഥാന കേന്ദ്രങ്ങളിലും നിൽപ്പ് സമരങ്ങൾ നടത്തി ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനായി സർക്കാരിനെ നിർബന്ധിക്കുന്ന പ്രതിഷേധ ദിനം ആചരിക്കുകയാണ്.

ജോലിസ്ഥലമായ ആശുപത്രികളിൽ സുരക്ഷിതമായ അന്തരീക്ഷമില്ലെങ്കിൽ, സ്വന്തം ജീവനു പോലും രക്ഷയില്ലാത്ത അവസ്ഥയാണെങ്കിൽ ഞങ്ങൾ എങ്ങനെ രോഗികളെ പരിചരിക്കും, ഞങ്ങളുടെ കർത്തവ്യം നിർവഹിക്കും. ഉത്തരം പറയേണ്ടത് ഇവിടത്തെ സർക്കാരാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News