കിടപ്പുരോഗികള്‍ക്കായി സാന്ത്വന സുരക്ഷ വാക്സിനേഷന്‍ പദ്ധതി

ജില്ലയിലെ കിടപ്പുരോഗികള്‍ക്കു കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയില്‍ എത്തി വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവരുമായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്സിന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കുറ്റിച്ചല്‍, ചെമ്പൂര്‍, ആര്യങ്കോട്, കരവാരം, പൂഴനാട്, കരകുളം, പാലോട്, വെള്ളറട, മലയിന്‍കീഴ്, കടകംപള്ളി പഞ്ചായത്തുകളില്‍ സാന്ത്വന സുരക്ഷ പദ്ധതി ആരംഭിച്ചു. ജില്ലയില്‍ പാലിയേറ്റിവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത 31,146 രോഗികളില്‍ 2,223 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ഒരു മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാക്‌സിനേഷനായി വീടുകളില്‍ എത്തുന്നത്. ഒരു പഞ്ചായത്തില്‍ ആറു സംഘങ്ങളെയാണ് വിന്യസിക്കുന്നത്. വാക്‌സിനെടുക്കുന്നവര്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ചികിത്സ ലഭ്യമാക്കാന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍ സംഭാവന ചെയ്ത തുക ചെലവഴിച്ചു ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, 50 പള്‍സ് ഓക്സിമീറ്ററുകള്‍, 50 പി.പി.ഇ. കിറ്റുകള്‍ എന്നിവ സഹകരണ – രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവനു കൈമാറി. ജെ.ഐ.ജി. സാജന്‍കുമാര്‍, ജില്ലാ രജിസ്ട്രാര്‍ പി.പി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിരോധ സാമഗ്രികളുടെ കിറ്റ് മന്ത്രിക്കു കൈമാറിയത്. കെ.എസ്. കലാധരന്‍, ആനന്ദ് ബി. ലാല്‍ എന്നിവരും പങ്കെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News