തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് മതത്തെയും അയ്യപ്പനെയും ഉപയോഗിച്ച്; തെളിവുകൾ പുറത്ത്; ഹർജിയുമായി എം സ്വരാജ്

തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മതത്തെ ഉപയോഗിച്ച് കെ ബാബു വോട്ട് തേടിയെന്നും , ഇത് ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ശബരിമല അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്നുള്ള തെളിവായി , രേഖകളും , ചിത്രങ്ങളും ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. കേവലം 992 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കെ ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ശബരിമല അയ്യപ്പനെയും , മതത്തെയും ,വിശ്വാസത്തെയും കെ ബാബു ദുരുപയോഗം ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പൻറെ ചിത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളും ഹർജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

വോട്ടർന്മാർക്ക് വിതരണം ചെയ്ത സ്ലിപ്പാണ് ഇതിൽ ഒന്ന്. അയ്യപ്പന് ഒരു വോട്ട് എന്ന് രേഖപ്പെടുത്തിയ സ്ലിപ്പിൽ അയ്യപ്പൻറെ ചിത്രവും , കെ ബാബുവിനെ പേരും, കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും, എം സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിച്ചാൽ അത് അയ്യപ്പൻറെ തോൽവി ആണെന്നും ചുവരെഴുതി.

അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യപ്പൻറെ നാട്ടിൽനിന്ന് കെട്ടുകെ ട്ടിക്കണം എന്ന് പ്രചരിപ്പിച്ചു. ഇതിനായി കെ ബാബുവിന് വോട്ട് ചെയ്യണമെന്നും വ്യാപകമായി ചുവരെഴുത്ത് നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതത്തെ ഉപയോഗിച്ചു എന്നതിന് വ്യക്തമായ തെളിവാണ് ഇതെന്നും ജനപ്രാതിനിധ്യ നിയമത്തിൻറെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകരായ പി കെ വർഗ്ഗീസ്, കെ എസ് അരുൺകുമാർ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News