നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കൈകോര്‍ത്ത് മൂടാടി പഞ്ചായത്തിലെ അധ്യാപകരും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും

മനുഷ്യരാകെ പകച്ചുപോവുന്നൊരു മഹാമാരിക്കാലത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഈ കെട്ട കാലത്ത് മാനവികതയുടെ അടയാളം തീര്‍ക്കുകയാണ് ഇവിടെയൊരു പൊതു വിദ്യാലയം. തീരപ്രദേശത്തുള്‍പ്പെടെയുള്ള തീര്‍ത്തും സാധാരണക്കാരായ നിരവധി കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ പഠിക്കുന്ന പൊതു വിദ്യാലയമാണ് കോഴിക്കോട് മൂടാടി പഞ്ചായത്തിലെ സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.

കൊവിഡ് മഹാമാരി പിടിമുറുക്കിയപ്പോള്‍ കഥ പറഞ്ഞും കൂട്ടുകൂടിയും കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂള്‍ ബെഞ്ചുകളെല്ലാം അനാഥമായി. മറ്റ് വഴികളില്ലാതെ പഠനപ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കുപ്പായമണിഞ്ഞു. ഈ രീതിയിലേക്ക് പഠനം മാറിയപ്പോഴും ഇതിന്റെയൊന്നും ഭാഗമാവാനാകാതെ അരികുവല്‍ക്കരിക്കപ്പെട്ടുപോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടായിരുന്നു.

സികെജി സ്‌കൂളിലെ അധ്യാപകരും, പി.ടി.എ യും, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളും നാട്ടുകാരുമെല്ലാം ചേര്‍ന്ന് സാധാരക്കാരില്‍ സാധാരണക്കാരായ ഇത്തരം 100ല്‍ പരം വിദ്യാര്‍ത്ഥികളെ ചേര്‍ത്തു നിര്‍ത്തുകയാണ്.

വിദ്യഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഓരോ ക്ലാസ് അധ്യാപകരും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കി. പിടിഎയുടെ നേതൃത്വത്തിലുള്ള സമിതി ഈ ലിസ്റ്റ് വിശദമായി പഠിച്ച് ടിവിയോ മൊബൈല്‍ ഫോണോ തീരെ ഇല്ലാത്ത തീര്‍ത്തും അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുത്തു. ഇത്തരം 100ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കാണ് വിവിധ ഘട്ടങ്ങളായി സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്നത്.

48 മണിക്കൂര്‍ കൊണ്ട് സ്‌കൂളിലെ അധ്യാപകരും, ജീവനക്കാരും ചേര്‍ന്ന് തങ്ങളുടെ സംഭാവനയായി 5 ലക്ഷത്തോളം രൂപ സമാഹരിച്ചു. പി.ടി.എ ഭാരവാഹികളും, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളും, നാട്ടുകാരും,നന്മ വറ്റാത്ത ഒട്ടേറെ മനുഷ്യരും ഒത്തു ചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്ക് യാത്ര തുടരുകയാണ് ഈ മഹത്തായ ഉദ്യമം.

മൊബൈല്‍ ഫോണ്‍ വിതരണോദ്്ഘാടനം വടകര ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ സികെ വാസു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ടി.എം റജുല, വി.എം സജിത്ത്, മിനി പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി മനോജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി സതീശ് ബാബു, നോഡല്‍ ഓഫീസര്‍മാരായ സുനില്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News