യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനും പോർച്ചുഗലിനും ജയം

യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനും പോർച്ചുഗലിനും ജയം. വമ്പന്മാരുടെ പോരിൽ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് ജർമനിയെ തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഡബിളിൽ പോർച്ചുഗൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ഹംഗറിയെ തകർത്തു.

തുടക്കം മുതൽ ഒടുക്കം വരെ ഇഞ്ചോടിഞ്ച് പോരാട്ടം….. അലയൻസ് അരീനയെ അടിമുടി ആവേശത്തിരയിലാക്കുന്നതായിരുന്നു ലോക ചാമ്പ്യന്മാരും മുൻലോക ചാമ്പ്യന്മാരും തമ്മിലുള്ള ത്രില്ലർ. ഒടുവിൽ മരണ ഗ്രൂപ്പിലെ വമ്പൻ പോരിൽ ഒറ്റഗോളിന് വിജയിച്ചു കയറിയത് ലോക ചാമ്പ്യമാരായ ഫ്രാൻസാണ്.

ആദ്യ മിനുട്ട് മുതൽ ആക്രമണാത്മക ഫുട്ബോളുമായി ജർമനി കളം നിറഞ്ഞപ്പോൾ വരാനെ ചുക്കാൻ പിടിക്കുന്ന പ്രതിരോധം കോട്ട കെട്ടി ഫ്രഞ്ച് ഗോൾമുഖം കാത്തു. ഇരുപതാം മിനുട്ടിൽ കളിയുടെ ഗതിക്കെതിരായി ജർമൻ വല കുലുങ്ങി. അലയൻസ് അരീന അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച നിമിഷം.ഗോൾ മുഖത്ത് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ മാറ്റ് ഹമ്മൽ സിന്റെ സെൽഫ് ഗോളിൽ ലോക ചാമ്പ്യന്മാർ മുന്നിൽ.

പിന്നെ സ്റ്റേഡിയം കണ്ടത് അലകടലായുള്ള ജർമൻ ആക്രമണമാണ്. ക്രൂസും ഗുണ്ടോഗനും കിമ്മിച്ചും നാബ്രിയും പലകുറി ഫ്രഞ്ച് ഗോൾ മുഖത്ത് ഇരമ്പിയെത്തി. ഫ്രഞ്ച് നിരയിൽ എംബാപ്പെയും ബെൻസേമയും പോഗ്ബയും കാന്റെയും മികച്ച കളി കെട്ടഴിച്ചപ്പോൾ ജർമൻ പ്രതിരോധ നിര പാടുപെട്ടു.

പകരക്കാരെ ഇറക്കിയുള്ള ജർമൻ പരിശീലകൻ ജോക്കിം ലോയുടെ തന്ത്രങ്ങളും വിജയിച്ചില്ല. അവസാന മിനുട്ടുകളിൽ സമനില ഗോളിനായി ജർമനി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധവും ഗോളി ഹ്യൂഗോ ലോറിസും പാറപോലെ ഉറച്ചു നിന്നു.ഫൈനൽ വിസിൽ മുഴങ്ങിയതോടെ മരണ ഗ്രൂപ്പിലെ ജീവന്മരണ പോരാട്ടത്തിന് പരിസമാപ്തി.

അലയൻസ് അരീനയിലെ അഭിമാന വിജയത്തോടെ ഗ്രൂപ്പ് എഫിൽ നിന്നും വിലപ്പെട്ട മൂന്ന് പോയിന്റ് ലോക ചാമ്പ്യന്മാർക്ക് സ്വന്തം. മരണ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെ തകർത്തു. പറങ്കികളുടെ ആക്രമണവും ഹംഗേറിയൻ പ്രതിരോധവും തമ്മിലായിരുന്നു ബുഡാപെസ്റ്റിലെ ഫെറങ്ക് പുഷ്കാസ് സ്‌റ്റേഡിയത്തിൽ മത്സരം.

ഹംഗറി പ്രതിരോധം ഒറ്റക്കെട്ടായി കോട്ട കെട്ടിയപ്പോൾ പോർച്ചുഗലിന് ആദ്യ ഗോളിനായി 83 ആംമിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. റാഫേൽഗുറെയ്റോയിരുന്നു പോർച്ചുഗൽ സ്കോറർ. ഹംഗറി പ്രതിരോധ നിരക്കാരൻ ഓർബൻ പോർച്ചുഗലിന്റെ പകരക്കാരൻ റാഫ സിൽവയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് അനുകൂലമായിഎൺപത്തിയാറാം മിനുട്ടിൽ
പെനാൽട്ടി. കിക്ക് ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രേഡ് മാർക്ക് ആഘോഷമായ കാൽമ സെലിബ്രേഷൻ.

കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ ഹംഗറി പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് ക്രിസ്റ്റ്യാനോയുടെ തനത് സ്റ്റൈലിലുള്ള ഫീൽഡ് ഗോൾ: ഇരട്ട ഗോളിലൂടെ യൂറോ കപ്പിലെ മികച്ച ഗോൾ നേട്ടക്കാരനെന്ന റെക്കോർഡും സി.ആർ സെവന് സ്വന്തം.9 ഗോളുകൾ നേടിയ ഫ്രഞ്ച് ഇതിഹാസ താരം മിഷേൽ പ്ലാറ്റീനിയുടെ റെക്കോർഡാണ് റോണോ പഴങ്കഥയാക്കിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here