യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇറ്റലി ഇന്നിറങ്ങും

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഇറ്റലി ഇന്നിറങ്ങും. രാത്രി 12:30 ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിക്ക് സ്വിറ്റ്സർലണ്ടാണ് എതിരാളി. മറ്റ് മത്സരങ്ങളിൽ ഫിൻലണ്ട് റഷ്യയെയും തുർക്കി വെയിൽസിനെയും നേരിടും.

ഗ്രൂപ്പ് എയിൽ തകർപ്പൻ ജയത്തോടെ തുടങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണ് കില്ലീനി നായകനായ ഇറ്റലി.ആദ്യമത്സരത്തിൽ തുർക്കിയെ കാൽഡസൻ ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു അസൂറിപ്പടയുടെ അശ്വമേധം.

മാൻസീനി പരിശീലിപ്പിക്കുന്ന ഇറ്റലി കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ അജയ്യരാണ്: സിറോ ഇമൊബീലും ഇൻസിഗ്നെയും മുന്നേറ്റത്തിൽ കാഴ്ചവെക്കുന്നത് അതിശയിപ്പിക്കുന്ന പ്രകടനം. പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയും ഒത്തൊരുമയോടെ കളിക്കുന്നത് ആരാധകരെ ഒട്ടൊന്നുമല്ല ആഹ്ലാദത്തിലാക്കുന്നത്.ബ ഫന്റെ യഥാർത്ഥപിൻഗാമിയാണ് താനെന്ന് ഗോൾ വലയ്ക്ക് മുന്നിലെ വിസ്മയ പ്രകടനത്തിലൂടെ ഡൊണ്ണരുമ്മ തെളിയിച്ചു കഴിഞ്ഞു.

സ്വിറ്റ്സർലണ്ടിനെതിരെ വിജയം മാത്രമാണ് അസൂറികളുടെ ലക്ഷ്യം. അതേ സമയം വെയിൽസിനോട് സമനില വഴങ്ങിയതിന്റെ സമ്മർദ്ദത്തിലാണ് സ്വിസ് ടീം ഇറങ്ങുന്നത്. ഇനിയൊരു സമനില പ്രീ ക്വാർട്ടർ സാധ്യതയെ പോലും ബാധിക്കുമെന്നതിനാൽ ടീം കരുതലിലാണ്.ഷാർദാൻ ഷക്കീരിയുടെയും ഗ്രനിറ്റ് സാക്കയുടെയും മിന്നും പ്രകടനത്തിലാണ് സ്വിറ്റ്സർലണ്ടിന്റെ വിജയപ്രതീക്ഷ. രാത്രി 9 :30 ന് നടക്കുന്ന എ ഗ്രൂപ്പിലെ മത്സരത്തിൽ തുർക്കി വെയിൽസിനെ നേരിടും.

ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റ തുർക്കിക്ക് ഇന്ന് വിജയം അനിവാര്യമാണ്.ആടി ഉലയുന്ന പ്രതിരോധവും സമ്മർദ്ദം അതിജീവിക്കാനാകാത്ത മധ്യനിരയുമാണ് തുർക്കിയുടെ തലവേദന.സെൻക്ടോസ് ,ബുറാക്ക് യിൽമാസ് എന്നീ മുന്നേറ്റനിരക്കാർ മിന്നിത്തെളിഞ്ഞാൽ ഹക്കൻ സൂക്കറിന്റെ പിന്മുറക്കാർക്ക് ആദ്യ വിജയം സ്വന്തമാക്കാം.

എല്ലാറ്റിനും ഉപരിയായി സെനോൾ ഗുൺസെന്ന പരിശീലകന്റെ തന്ത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ. ഗാരെത്ത് ബെയിലെന്ന ലോകോത്തര വിംഗറുടെ സാന്നിധ്യമാണ് വെയിൽസിന്റെ കരുത്ത്. സ്വിറ്റ്സർലണ്ടിനെതിരെ ഒരു ഗോൾ വഴങ്ങിയ ശേഷം പൊരുതിക്കളിച്ചാണ് വെയിൽസ് ടീം സമനില പിടിച്ചത്.

ആറോൺ റാംസെയും കെയ്ഫർ മൂറും ഫോമിലാണ്.വിജയത്തിൽ കുറഞ്ഞൊന്നും വെയിൽസും മോഹിക്കുന്നില്ല.വൈകീട്ട് 6:30ന് നടക്കുന്ന മത്സരത്തിൽ ഫിൻലണ്ടിന് റഷ്യയാണ് എതിരാളി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ അട്ടിമറിച്ച ഫിന്നിഷ് ടീമിന് ജയം തുടർന്നാൽ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കാം.ടിമു പുക്കിയുടെയും പോജൻപാലോയുടെയും ഗോളടി മികവിലാണ് ഫിൻലണ്ട് ടീം പ്രതീക്ഷയർപ്പിക്കുന്നത്. ഏതായാലും അതിവാശിയേറിയ മത്സരങ്ങൾക്കാണ് യൂറോ കപ്പ് ഇന്നും സാക്ഷ്യം വഹിക്കുക.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here