മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവം

മുന്തിയ ഇനം കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം തിരുവനന്തപുരത്ത് സജീവമാകുന്നു. റെന്‍റ് എ കാര്‍ ബിസിനസ് നടത്തുന്ന വ്യക്തികളുമായുള്ള സൗഹ്യദം മുതലെടുത്ത് വാഹനങ്ങള്‍ മറിച്ച് വില്‍ക്കുകയോ, പണയപ്പെടുത്തുകയോ ആണ് ഇവരുടെ പരിപാടി. തിരുവനന്തപുരത്ത് മാത്രം 20 ലേറെ വാഹനങ്ങള്‍ സമീപകാലത്ത് തട്ടിയെടുത്തതായിട്ടാണ് പരാതി ഉയരുന്നത്.

വാഹനങ്ങള്‍ മാസ വാടകക്ക് നല്‍കുന്ന വ്യക്തികളെ ആദ്യം പരിചയപ്പെട്ട് സൗഹ്യദത്തിലാവും. പിന്നാലെ വ്യാജരേഖകള്‍ നല്‍കി കരസ്ഥമാക്കും . ഈ വാഹനങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ കൊണ്ട് പണയപ്പെടുത്തുകയോ വില്‍ക്കുകയോ ചെയ്യുന്നതാണ് ഈ മാഫിയ സംഘത്തിന്റെ ശൈലി. മുന്തിയ ഇനം കാറുകള്‍ ആയ ഇന്നോവ ക്രിസ്റ്റ , മാരുതി സിയാസ്, ഹോണ്ട സിറ്റി ,തുടങ്ങിയ കാറുകള്‍ ആണ് തട്ടിയെടുക്കുന്നത്. ചെക്ക് , ആധാര്‍ കാര്‍ഡ് എന്നിവ വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തുക.

വാഹനത്തില്‍ ഉള്ള ജി.പി എസ് സംവിധാനം വിശ്ചേദിക്കുന്നതോടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് വാഹനവുമായുള്ള ബന്ധം നഷ്ടമാകും. വാഹനങ്ങള്‍ മംഗലാപുരം ,കോയമ്പത്തൂര്‍ ,ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലാണ് വില്‍പ്പന നടത്തുന്നത്. നിശ്ചിത സമയ പരിധി കഴിഞ്ഞും വാടകയും ,വാഹനവും തിരിച്ച് എത്താത്തപ്പോള്‍ ആണ് ഉടമസ്ഥര്‍ അന്വേഷിക്കുക. അപ്പോഴെക്കും വാഹനം മറ്റെരാളുടെ കൈവശം എത്തിയിട്ടുണ്ടാവും.

ആര്‍ സി ബുക്ക് അടക്കമുള്ള മതിയായ രേഖകള്‍ ഇല്ലാതെ വാഹനം വാങ്ങുന്ന മാഫിയ സംഘങ്ങളുടെ ഒത്താശയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം മൂന്ന് മാസത്തിനിടെ 20 ലേറെ വണ്ടികള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി റെന്റ് എ. കാര്‍ ബിസിനസ് നടത്തുന്ന എം.ജി രംജ്ഞിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു .

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ,വഞ്ചിയൂര്‍ , പേട്ട എന്നീ സ്റ്റേഷനുകളിലായി നിരവധി ആളുകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. റെന്റ് എ കാര്‍ ബിസിനസ് നടത്തുന്ന പലര്‍ക്കും സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്തതും ഈ ചൂഷക സംഘം മുതലാക്കുന്നു. കുഴല്‍ പണം, കള്ളനോട്ട്, മനുഷ്യകടത്ത് ,ലഹരി കടത്ത് എന്നീ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് കാറുകള്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തി തലസ്ഥാനത്ത് താമസം ഉറപ്പിച്ച ഒരു വ്യക്തിയാണ് ഇതിന് പിന്നില്‍ എന്ന ആരോപണം ഉണ്ട്. ഈ വിഷയത്തില്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ അടിയന്തിരമായി ഇടപ്പെടണം എന്നാണ് റെന്റ് എ കാര്‍ ബിസിനസ് ചെയ്യുന്നവരുടെ ആവശ്യം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News