പോസ്റ്റ് കൊവിഡ് ചികിത്സ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് 19 മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കൊവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 1183 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സജ്ജീകരിച്ചിട്ടുള്ളതാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. ഈ ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 1,99,626 പേര്‍ പ്രാഥമികതലം മുതലുള്ള വിവിധ ആശുപത്രികള്‍ വഴിയും 1,58,616 പേര്‍ ഇ സഞ്ജീവനി, ടെലി മെഡിസിന്‍ സംവിധാനം വഴിയും പോസ്റ്റ് കൊവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയിട്ടുണ്ട്.

ഇതില്‍ 16,053 പേരില്‍ ശ്വാസകോശം, 2976 പേരില്‍ ഹൃദ്രോഗം, 7025 പേരില്‍ പേശീ വേദന, 2697 പേരില്‍ ന്യൂറോളജിക്കല്‍, 1952 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1332 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്തു. 356 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്.

പോസ്റ്റ് കൊവിഡ് ചികിത്സ ഫലപ്രദമാക്കുന്നതിന് ആശാപ്രവര്‍ത്തകരുടെ സഹായത്തോടുകൂടി ഫീല്‍ഡ്തലം മുതല്‍ കൊവിഡ് മുക്തരായവരെ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള പോസ്റ്റ് കൊവിഡ് ക്ലിനിക്കിലേക്ക് എത്തിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഈ രോഗികളെ പരിശോധിക്കുന്നതാണ്.

ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതോടൊപ്പം തുടര്‍ നിരീക്ഷണത്തിനായി ഇവരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സജ്ജമാക്കിയ സ്‌പെഷ്യാലിറ്റി, പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ക്കും വേണ്ടി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ സഹായത്തോടെ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരും പോസ്റ്റ് കൊവിഡ് ലക്ഷണങ്ങള്‍ നിസാരമായി കാണരുത്. ഇ സഞ്ജീവനി വഴിയോ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ വഴിയോ ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News