ആ 500 ല്‍ ഞങ്ങളില്ല, പക്ഷേ 1500 ല്‍ ഉണ്ട് താനും; കോണ്‍ഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍മീഡിയയില്‍ നിന്നും ട്രോളുകളുടെ പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ആരോപിച്ചും ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെയും ഒരു ക്യാംപെയ്‌നുമായി പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു.

”ആ അഞ്ഞൂറില്‍ ഞങ്ങളില്ല” എന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ പോസ്റ്റ്. ഇത് ഏറ്റുപിടിച്ച് പലരും സേഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതേ നാണയത്തില്‍ തിരിച്ച് പണി ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയപ്പോള്‍ ആ 500 ല്‍ ഞങ്ങള്‍ ഇല്ലെന്ന പേരില്‍ സോഷ്യല്‍ മീഡീയയില്‍ വന്‍ ക്യാംപെയിന്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

അതേസമയം കൊവിഡ് മാനദണ്ഡം ലംഘിച്ചാണ് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് നടന്നത്. ഇന്ദിരാഭവനിലെത്തിയത് 700 ലധികം പേരാണ്. സംഭവം വിവാദമായതിന് പിന്നാലെ മ്യൂസിയം പൊലീസ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുകയും ചെയ്തു.

കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി അകലം പാലിച്ചാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഥികളെ ഇരുത്തിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചതും. എന്നാല്‍ ഒരു അകലവും പാലിക്കാതെ കൊവിഡ് പ്രോട്ടോകോള്‍ നഗ്‌നമായി ലംഘിക്കുന്ന രീതിയിലായിരുന്നു സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്.

പൊതുചടങ്ങുകളില്‍ 20 പേരില്‍ കൂടൂതല്‍ പാടില്ല എന്ന കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ നിബന്ധന നിലനില്‍ക്കെ അതിനെയൊക്കെ കാറ്റില്‍ പറത്തി 700 അധികം ആളുകള്‍ ആണ് പുതിയ കെ പി സി സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. ഇന്ദിരാ ഭവനിലെ ഹാളിലും വേദിയിലും സദസിലും കോണ്‍ഗ്രസ് നേതാക്കള്‍ തിക്കി തിരക്കി.

കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് നടത്തിയ ആ 500 ല്‍ ഞങ്ങളില്ല, ഞങ്ങളില്ല എന്ന് വിളിച്ചുകൂവിയവര്‍, പാവങ്ങള്‍ തൊഴിലും,വരുമാനവും നഷ്ടപ്പെടുത്തി മഹാത്യാഗം സഹിച്ച് വീട്ടിലിരിക്കുമ്പോള്‍ എത്ര ക്രൂരമായാണ് പൊതുസമൂഹത്തോട് തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലായെന്ന് ഇവര്‍ വീണ്ടും,വീണ്ടും വിളിച്ച് കൂവുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News