പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ: കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ സതാംപ്ടണില്‍ തുടക്കം. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5 മണി മുതലാണ് മത്സരം. ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാനാണ് ഐ സി സിയുടെ തീരുമാനം.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യയും ന്യൂസിലന്റും നേര്‍ക്ക് നേര്‍ വരുമ്പോള്‍ മത്സരഫലം പ്രവചനാതീതമാണ്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ കടുത്ത ക്വാറന്റീനും പൂര്‍ത്തിയാക്കി, പരിശീലന മത്സരം പോലും കളിക്കാതെയാണ് കിരീടപ്പോരാട്ടത്തിനുള്ള ഒരുക്കമെങ്കിലും കോഹ്ലിപ്പട ആത്മവിശ്വാസത്തിലാണ്. ശുഭ്മാന്‍ ?ഗില്ലും രോഹിത് ശര്‍മയുമാകും സതാംപ്ടണില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. നായകന്‍ വിരാട് കോഹ്ലിയും രഹാനെയും പൂജാരയും റിഷഭ്പന്തും അടങ്ങുന്ന ബാറ്റിംഗ് നിര നങ്കൂരമിട്ട് കളിച്ചാല്‍ സതാംപ്ടണില്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ കെട്ടിപ്പൊക്കാം.

ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാകും പേസ് ബോളിങ് വിഭാഗത്തിനു ചുക്കാന്‍ പിടിക്കുക. ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ പുറത്തെടുത്ത പോരാട്ട വീര്യം സതാംപ്ടണിലും ആവര്‍ത്തിക്കാനായിരിക്കും ഇന്ത്യന്‍ പേസര്‍മാരുടെ ശ്രമം. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും ടീമിലുണ്ട്. വൃദ്ധിമാന്‍ സാഹയാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. അതേ സമയം രണ്ട് പതിറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായതിന്റെ ത്രില്ലിലാണ് കിവികള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഒരുങ്ങുന്നത്.

പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തില്‍ നേടിയ വിജയം കീവീസ് ടീമിന്റെ കിരീട പ്രതീക്ഷക്ക് തിളക്കമേകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യം പൊതുവെ ന്യൂസിലണ്ട് ക്രിക്കറ്റ് ടീമിന് അനുകൂലമാണ്. ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ടോം ബ്ലണ്ടല്‍, ഡെവോണ്‍ കോണ്‍വെ, മാറ്റ് ഹെന്റി, വില്‍ യങ്, അജാസ് പട്ടേല്‍ എന്നിവര്‍ ഫൈനലില്‍ കളിക്കുന്ന ന്യൂസിലണ്ട് ടീമിലുണ്ട്. പരിചയസമ്പന്നരായ ട്രെന്റ് ബൗള്‍ട്ടും ടിം സൗത്തിയും കൈല്‍ ജാമിസണും പേസ് ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. ശുഭപ്രതീക്ഷയിലാണ് നായകന്‍ കെയ്ന്‍ വില്യന്‍സണ്‍.

മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടത്താനാണ് ഐ സി സി യുടെ തീരുമാനം. ഒരു ദിവസം ആറ് മണിക്കൂര്‍ വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ കാരണം കളി തടസ്സപ്പെട്ടാല്‍ റിസര്‍വ്വ് ദിനം ഉപയോഗപ്പെടുത്തും.

ഫൈനല്‍ ജയിക്കുന്ന ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസിനൊപ്പം 16 ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാമതെത്തുന്ന ടീമിന് എട്ട് ലക്ഷം ഡോളര്‍ ലഭിക്കും. ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News