കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം ; കേസെടുക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

കുംഭ മേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടു.ഹരിദ്വാർ ജില്ലാ ഭരണകൂടത്തോടാണ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്.

ഏപ്രിൽ 1 മുതൽ 30 വരെ നീണ്ടുനിന്ന കുംഭ മേളയ്ക്ക് എത്തിയ ആളുകൾക്ക് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം.വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ ദില്ലിയിലെയും ഹരിയാനയിലെയും ലാബുകളെ പ്രതിചേർക്കാനും നിർദേശിച്ചിട്ടുണ്ട്. ഹരിദ്വാറിൽ 5 ഇടങ്ങളിലായാണ് കുംഭ മേള തീർത്ഥാടകരെ പരിശോധിച്ചത്.

പ്രതിദിനം 50,000 പരിശോധനകൾ നടത്തണമെന്ന ഹൈക്കോടതി നിർദേശം പാലിക്കുന്നതിനാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതെന്നാണ് റിപ്പോർട്ട്. 22 ലബോറട്ടറികൾക്കായിരുന്നു പരിശോധന നടത്താനുള്ള ചുമതല.വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ആർക്കെതിരേയും കേസെടുത്തിരുന്നില്ല.

രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സമയത്ത് കുംഭ മേള നടത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു.ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളിൽ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കുംഭ മേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഉത്തരാഖണ്ഡിൽ 1.3 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ പറയുന്നത്.

കുംഭ മേളയിൽ പങ്കെടുത്ത നിരവധിപേർക്കാണ് കൊവിഡ് ബാധിച്ചത്. കുംഭ മേളയിൽ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ഹരിദ്വാറിലെ കുംഭ മേളയിൽ പങ്കെടുത്ത സന്ന്യാസി കൗൺസിലുകളുടെ തലവനായ മഹാമണ്ഡലേശ്വർ കപിൽ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.കാര്യങ്ങൾ കൈവിട്ടുപോയ ശേഷം മാത്രമായിരുന്നു കുംഭ മേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.കൊവിഡ് വ്യാപനത്തിനിടെ കുംഭ മേള നടത്താൻ അനുവദിച്ച സർക്കാർ നടപടിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News